ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് ഒന്നര ശതമാനം പലിശ ഇളവ് നല്‍കുമെന്നു കേന്ദ്രസര്‍ക്കാര്‍. മൂന്നു ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്കാണ് പലിശ ഇളവ്. 2022-23 ലും അടുത്ത സര്‍ക്കാരിന്റെ ആദ്യവര്‍ഷമായ 2024-25 ലേക്കുമാണ് പലിശ ഇളവ് പ്രഖ്യാപിച്ചത്. പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും സഹകരണ മേഖലകളിലും പലിശ ഇളവു ലഭിക്കും. ഇതിലൂടെ 38,856 കോടി രൂപയുടെ ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
സംരക്ഷിത വനമേഖലക്കു ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ പ്രഖ്യാപിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളം പുന:പരിശോധന ഹര്‍ജി ഫയല്‍ ചെയ്തു. ബഫര്‍ സോണ്‍ ഉത്തരവ് നടപ്പാക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളെ ഒഴിപ്പിക്കുന്നതും പുനരധിവസിപ്പിക്കുന്നതും വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
സിപിഎം നേതാവും മുന്‍ എംപിയുമായ കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിക്കാനുള്ള റാങ്ക് പട്ടിക ഗവര്‍ണര്‍ മരവിപ്പിച്ചു. നിയമന ഉത്തരവ് രണ്ടു ദിവസത്തിനകം നല്‍കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞതിനു പിറകേയാണ് ഗവര്‍ണറും ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി. റാങ്ക് പട്ടിക മരവിപ്പിച്ച ഗവര്‍ണറുടെ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.
കൊച്ചിയിലെ ഫ്ളാറ്റില്‍ നടന്ന കൊലക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ കൈവശം കഞ്ചാവും എംഡിഎംഎയും. അറസ്റ്റിലായ അര്‍ഷാദ്, സുഹൃത്ത് അശ്വന്ത് എന്നീവരുടെ പക്കല്‍ ഒരു കിലോഗ്രാം കഞ്ചാവും അഞ്ചു ഗ്രാം എംഡിഎംഎയുമാണ് ഉണ്ടായിരുന്നത്. ലഹരി മരുന്ന് ഇടപാടു സംബന്ധിച്ച തര്‍ക്കമാണ് കൊലയ്ക്കു കാരണം. പ്രതി അര്‍ഷാദിന് എതിരെ കൊണ്ടോട്ടിയില്‍ ഒരു മോഷണകേസ് കൂടിയുണ്ടെന്നും പൊലീസ് അറിയിച്ചു.
പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടാന്‍ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. കുനിപ്പുള്ളി വിളയില്‍പൊറ്റയിലെ ആളൊഴിഞ്ഞ പറമ്പില്‍നിന്നാണ് അവ കണ്ടെടുത്തത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത നവീന്‍, അനീഷ്, ശബരീഷ്, സുജീഷ് എന്നിവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തിയിരുന്നു. പാര്‍ട്ടിയിലെ വളര്‍ച്ചയില്‍ പ്രതികള്‍ക്കുണ്ടായ വിരോധമാണു കൊലപാതകത്തിനു കാരണമെന്നു പോലീസ്.
റോഡ് നിര്‍മ്മാണത്തില്‍ വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ്. പിഴവു വരുത്തിയ കരാറുകാര്‍ക്കു വീണ്ടും കരാര്‍ നല്‍കാന്‍ പിഡബ്ല്യുഡി എന്‍ജിനീയര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നുണ്ടെന്നു വിജിലന്‍സ്. റോഡുകള്‍ ആറുമാസം കഴിഞ്ഞാല്‍ തകരുന്നു. ഓപ്പറേഷന്‍ സരള്‍ രാസ്ത എന്ന പേരില്‍ വിജിലന്‍സ് 112 പിഡബ്ല്യുഡി റോഡുകളിലാണ് പരിശോധന നടത്തിയത്.
കേരളത്തിന്റെ ഓണ്‍ലൈന്‍ ഓട്ടോ – ടാക്സി സംവിധാനമായ ‘കേരള സവാരി’ നിലവില്‍ വന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തു. രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ മേഖലയില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ്.
അടിസ്ഥാന വികസനം കാര്‍ഷിക മേഖലയിലാണ് നടക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടില്‍ വികസനം പൂര്‍ണമാകാന്‍ കാര്‍ഷിക മേഖല വികസിക്കണം. സംസ്ഥാനതല കാര്‍ഷിക ദിനാഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത നേടാനുള്ള ശ്രമത്തെ പ്രളയവും പിന്നീടുണ്ടായ കാലാവസ്ഥാ മാറ്റവും തകിടം മറിച്ചെങ്കിലും കൃഷി സംസ്‌കാരമായി വളര്‍ന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തീര സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാരില്‍നിന്ന് 2,400 കോടി രൂപയുടെ സഹായം തേടി കേരളം. കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം റുപാലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി വി. അബ്ദുറഹിമാന്‍ സഹായം തേടിയത്. മത്സ്യത്തൊഴിലാളികളുടെ പോഷകാഹാരത്തിനും ഉപജീവനത്തിനുമായുള്ള പദ്ധതിയുടെ വിഹിതവും ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു.
അങ്കമാലി – ശബരി റെയില്‍പാത നിര്‍മാണത്തിന് കേന്ദ്ര റെയില്‍വേ മന്ത്രി പച്ചക്കൊടി കാണിച്ചതായി മന്ത്രി വി. അബ്ദുറഹ്‌മാന്‍. പദ്ധതിയുടെ സര്‍വെ നടപടികള്‍ തുടങ്ങാമെന്നു കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ റെയില്‍വേ വികസനത്തിനായുള്ള ചര്‍ച്ചയ്ക്ക് കേന്ദ്ര റെയില്‍ മന്ത്രി കേരളത്തില്‍ എത്തുമെന്നും അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രി വി.അബ്ദുറഹ്‌മാന്‍ പറഞ്ഞു.