വാട്സ്ആപ്പില്‍ വ്യൂ വണ്‍സ് ഫീച്ചറിന് സമാനമായി ടെക്സ്റ്റ് മെസേജുകള്‍ ഒരിക്കല്‍ മാത്രം വായിക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ വരുന്നു. ചാറ്റുകളിലൂടെ വ്യക്തിപരമായ വിവരങ്ങള്‍ കൈമാറുമ്പോള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും നിയന്ത്രണവും നല്‍കാനാണ് വാട്സ്ആപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു മെസേജ് ടൈപ്പ് ചെയ്ത ശേഷം അത് അയക്കാനുള്ള ‘സെന്‍ഡ്’ ബട്ടണില്‍ അമര്‍ത്തിപ്പിടിച്ചാല്‍ ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാനാകും. അപ്പോള്‍ ‘സെന്‍ഡ് ആസ് വ്യൂ വണ്‍സ്’ എന്നൊരു ഓപ്ഷന്‍ തെളിഞ്ഞു വരും. ഇത് തെരഞ്ഞെടുത്ത് മെസേജ് അയച്ചാല്‍ സ്വീകര്‍ത്താവിന് അത് ഒരു തവണ മാത്രമേ തുറന്നു കാണാന്‍ സാധിക്കൂ. നിലവിലുള്ള വ്യൂ വണ്‍സ് ചിത്രങ്ങളെയും വീഡിയോകളെയും പോലെ തന്നെ, ഈ മെസേജുകളും കോപ്പി ചെയ്യാനോ, മറ്റൊരാള്‍ക്ക് ഫോര്‍വേഡ് ചെയ്യാനോ, ഷെയര്‍ ചെയ്യാനോ സാധിക്കില്ല. സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതിനും സ്‌ക്രീന്‍ റെക്കോര്‍ഡിങ് നടത്തുന്നതിനും ഇതില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായേക്കും.
