പുറത്തിറങ്ങി 37 വര്‍ഷത്തിനു ശേഷം മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിന്റെ ക്ലാസിക് ചിത്രം ‘കിരീടം’ റീ റിലീസിനൊരുങ്ങി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍ എന്ന നടന്റെ കരിയര്‍ ബ്രേക്കുകളില്‍ ഒന്നായ ചിത്രം ഏതെന്ന ചോദ്യം വരുമ്പോള്‍ തന്നെ ഉയര്‍ന്നു കേള്‍ക്കുന്ന പ്രധാന പേരായിരിക്കും ‘കിരീടം’. സേതുമാധവന്‍ എന്ന ആ കഥാപാത്രവും ചിത്രവും ഇന്നും മലയാളികള്‍ നെഞ്ചേറ്റുന്നവയാണ്. ചിത്രം ജൂണില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ട് സിബി മലയില്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത് ചിത്രം ജൂലൈയില്‍ എത്തുമെന്നാണ്. എന്നാല്‍ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1989 ല്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. 4 കെ, ഡോള്‍ബി അറ്റ്‌മോസില്‍ ആയിരിക്കും മലയാളികളുടെ പ്രിയ ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുക.
