ഹണി റോസ് പ്രധാന കഥാപാത്രമാകുന്ന ‘റേച്ചല്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ് ചിത്രത്തിന്റെ സംവിധാനം. പോസ്റ്ററുകളില്‍ സൂചിപ്പിച്ചപോലെ വയലന്‍സ് നിറഞ്ഞ ത്രില്ലര്‍ വിഭാഗത്തില്‍പെട്ട ചിത്രമായിരിക്കും റേച്ചല്‍ എന്നാണ് ടീസറും അടിവരയിടുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ബോള്‍ഡ് ലുക്കിലാണ് ഹണി റോസ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ എബ്രിന്‍ ഷൈനും രാഹുല്‍ മണപ്പാട്ടും ആണ് ഒരുക്കുന്നത്. ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സന്‍, വന്ദിതവ മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ എം ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എബ്രിഡ് ഷൈന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയാണ്. ഇഷാന്‍ ഛബ്രയാണ് സംഗീതം.