അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന ‘റെയ്ഡ് 2’ ന്റെ ടീസര്‍ പുറത്തിറങ്ങി. മൂര്‍ച്ചയുള്ള സംഭാഷണങ്ങള്‍, ആക്ഷനും നിറഞ്ഞതാണ് ടീസര്‍. ചിത്രത്തില്‍ ഐആര്‍എസ് ഓഫീസര്‍ അമയ് പട്‌നായിക് ആയി വീണ്ടും അജയ് ദേവ്ഗണ്‍ എത്തുന്നു. ആദ്യ ഭാഗത്തിലെ വില്ലനായിരുന്ന സൗരഭ് ശുക്ല അവതരിപ്പിച്ച രാമേശ്വര്‍ സിംഗിനെ ടീസറിന്റെ ആദ്യം കാണിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ വില്ലനായി എത്തുന്നത് റിതേഷ് ദേശ്മുഖ് ആണ്. ദാദഭായി എന്ന റോളിലാണ് അദ്ദേഹം എത്തുന്നത്. ടീസറില്‍, അജയ് ദേവ്ഗണിന്റെ കഥാപാത്രത്തിന്റെ മുന്‍കാല ചരിത്രം പരിചയപ്പെടുത്തുന്നുണ്ട്. അമയ് പട്‌നായിക് 74 റെയ്ഡുകള്‍ നടത്തിയിരുന്നു എന്നും കാണിക്കുന്നു. അജയ് ദേവ്ഗണും റിതേഷ് ദേശ്മുഖും തമ്മിലുള്ള മൂര്‍ച്ചയുള്ള വാഗ്വാദങ്ങള്‍ ടീസറില്‍ കാണാം. അജയ് ദേവ്ഗണിന്റെ 2018 ലെ ഹിറ്റ് ചിത്രമായ റെയ്ഡിന്റെ തുടര്‍ച്ചയാണ് റെയ്ഡ് 2. 1980 കളില്‍ നടന്ന ഒരു യഥാര്‍ത്ഥ ആദായനികുതി റെയ്ഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ആദ്യ ഭാഗം വന്‍ ഹിറ്റായിരുന്നു. വാണി കപൂറാണ് റെയ്ഡ് 2വില്‍ നായികയായി എത്തിയിരിക്കുന്നത്. ചിത്രം മെയ് 1 നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.