ഗഫൂര്‍ അറയ്ക്കലിന്റെ ദ കോയ എന്ന നോവല്‍, മലയാള നോവല്‍ സാഹിത്യചരിത്രത്തിലെ ഒരു പുതിയ രാഷ്ട്രീയ ചുവടുവെപ്പാണ്. ഇന്ദുലേഖയില്‍നിന്നും ശാരദയില്‍നിന്നും മാത്രമല്ല നാലുകെട്ടില്‍നിന്നും ഖസാക്കിന്റെ ഇതിഹാസത്തില്‍നിന്നും കോയയിലേക്ക് നടന്നെത്താന്‍ വായനയില്‍ കുറച്ചധികം കിതയ്ക്കേണ്ടിവരും. ഇത്രയും അനാഡംബരവും സൂക്ഷ്മവും അതേസമയം സ്ഫോടനാത്മകവുമായൊരു രാഷ്ട്രീയനാമത്തില്‍നിന്നുതന്നെ, കോയ നോവലിന്റെ അനന്യത ആരംഭിക്കുന്നു. ഒരേസമയം സൗഹൃദവും വിദ്വേഷവുമായി വേര്‍പിരിയാനാവും വിധമുള്ള ‘കോയ’ എന്ന സംബോധനയില്‍ ഇരമ്പിമറിയുന്നത് അശാന്തസ്മരണകളാണ്. കോഴിക്കോട്ടെ പള്ളിക്കണ്ടിയെന്നൊരു ചെറിയ പ്രദേശം പോര്‍ച്ചുഗലിനുമപ്പുറമുള്ളൊരു സാംസ്‌കാരികാസ്തിത്വത്തിലേക്ക് വളരുന്നതിന്റെ നാടകീയവും ക്ഷോഭജനകവും ആര്‍ദ്രവുമായൊരാവിഷ്‌കാരമാണ് ദ കോയയില്‍ വൈരുദ്ധ്യപ്പെടുന്നത്. ഗഫൂര്‍ അറയ്ക്കലിന്റെ പുതിയ നോവല്‍. ‘ദ കോയ’. മാതൃഭൂമി ബുക്‌സ്. വില 340 രൂപ.