പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വിസസ് (ടി.സി.എസ്) നടപ്പു സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 14.8 ശതമാനത്തിന്റെ ലാഭ വര്‍ധന നേടി. മാര്‍ച്ചില്‍ 11,392 കോടിയാണ് കമ്പനിയുടെ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 9,959 കോടിയായിരുന്നു ലാഭം. ഇന്ത്യയില്‍ ഉയര്‍ന്ന വിപണി മൂല്യമുള്ള സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ഒന്നാണ് ടി.സി.എസ്. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ ആകെ വരുമാനം 50,591 കോടിയായിരുന്നു. ഈ വര്‍ഷം ഇത് 59,162 കോടിയായി ഉയര്‍ന്നു. 16.9 ശതമാനമാണ് വര്‍ധന. ജൂണ്‍ ഒന്നിന് വിരമിക്കുന്ന രാജേഷ് ഗോപിനാഥന് പകരം എം.ഡി/സി.ഇ.ഒ ആയി കെ. ക്രിതിവാസനെ മാര്‍ച്ചില്‍ കമ്പനി നിയമിച്ചിരുന്നു. ഇദ്ദേഹം ജൂണ്‍ ഒന്നിന് ഔദ്യോഗികമായി ചുമതലയേല്‍ക്കുമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ അഞ്ചു ലക്ഷം ജീവനക്കാരാണ് കമ്പനിക്കുള്ളത്. ആദ്യ പാദത്തില്‍ 821 പുതിയ ജീവനക്കാരെ കൂടി നിയമിക്കാനാണ് തീരുമാനം.