ആള്‍ട്രോസിന്റെ പുതിയ വേരിയന്റുമായി ടാറ്റ എത്തും. ഉടന്‍ വിപണിയിലെത്തുന്ന ആള്‍ട്രോസ് റേസറിനൊപ്പം പുതിയ മൂന്ന് മോഡലുകള്‍ ടാറ്റ അവതരിപ്പിക്കും. ആറ് എയര്‍ബാഗുകള്‍, 360 ഡിഗ്രി കാമറ, 10.25 ഇഞ്ച് ടച്ച് സ്‌കീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, പുതിയ സുരക്ഷ സംവിധാനങ്ങള്‍ എല്ലാം ആള്‍ട്രോസില്‍ പ്രതീക്ഷിക്കാം. ഹാരിയറിലും സഫാരിയിലും ഉപയോഗിക്കുന്ന 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് പുതിയ മോഡലില്‍. എന്നാല്‍ ഉയര്‍ന്ന മോഡലില്‍ മാത്രമായിരിക്കും വലിയ സ്‌ക്രീന്‍ നല്‍കുക. ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ എത്തിയ ടാറ്റയുടെ ആദ്യ മോഡലാണ് ആള്‍ട്രോസ്. പെട്രോളും ഡീസല്‍ എന്‍ജിനുകളോടെയാണ് ആള്‍ട്രോസ് വില്‍പനയ്ക്കുള്ളത്. 1.2 ലീറ്റര്‍ റെവൊട്രോണ്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണു കാറിനു കരുത്തേകുന്നത്. ഹ്യുണ്ടേയ് ഐ20 എന്‍ ലൈനിനുള്ള ടാറ്റയുടെ മറുപടിയാണ് ആള്‍ട്രോസ് റേസര്‍. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന ഓട്ടോ എക്സ്പോയില്‍ ടാറ്റ ഈ വാഹനം പ്രദര്‍ശിപ്പിച്ചിരുന്നു. 120 എച്ച്പി(സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ 10 എച്ച്പി കൂടുതല്‍) കരുത്ത് പുറത്തെടുക്കുന്ന 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു.