ടാറ്റ മോട്ടോഴ്സ് ഇന്ത്യയിലെ ഐസിഇ-പവര്‍ഡ് (ഇന്റേണല്‍ കംബസ്ഷന്‍ എഞ്ചിന്‍) പാസഞ്ചര്‍ വാഹന ശ്രേണിയിലുടനീളം വില വര്‍ധന പ്രഖ്യാപിച്ചു. വേരിയന്റും മോഡലും അനുസരിച്ച് വിലകള്‍ 1.2 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് തീരുമാനം. പുതിയ വിലകള്‍ 2023 ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കാര്‍ നിര്‍മ്മാതാവിന്റെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയില്‍ ടിയാഗോ, ആള്‍ട്രോസ്, ടിഗോര്‍, പഞ്ച്, നെക്സോണ്‍, ഹാരിയര്‍, സഫാരി എന്നിവ ഉള്‍പ്പെടുന്നു. അതേസമയം ടാറ്റ നെക്‌സോണ്‍ ഇവിയുടെ വിലയില്‍ മാറ്റമുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 2023ല്‍ ആള്‍ട്രോസ് ഹാച്ച്ബാക്കിന്റെയും പഞ്ച് എസ്യുവിയുടെയും സിഎന്‍ജി പതിപ്പുകള്‍ ടാറ്റ പുറത്തിറക്കും. രണ്ട് മോഡലുകളും അടുത്തിടെ ഓട്ടോ എക്സ്പോ 2023ല്‍ അവരുടെ അരങ്ങേറ്റം നടത്തിയിരുന്നു. ടാറ്റ ഹാരിയര്‍, സഫാരി ഫെയ്സ്ലിഫ്റ്റുകളും വരും മാസങ്ങളില്‍ അവതരിപ്പിക്കും. 2023 ടാറ്റ ഹാരിയര്‍, സഫാരി ഫെയ്സ്ലിഫ്റ്റുകള്‍ക്ക് കരുത്തേകുന്നത് നിലവിലുള്ള 2.0 എല്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ തന്നെയാണ്. ഈ എഞ്ചിന്‍ 168 ബിഎച്ച്പിയും 350 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.