പുറത്തിറങ്ങി നാലു മാസം കൊണ്ട് 10000 ടിയാഗോ ഇവികള്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ച് ടാറ്റ മോട്ടോഴ്‌സ്. ഇതോടെ ഏറ്റവും വേഗത്തില്‍ 10000 ഇലക്ട്രിക് കാറുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ആദ്യ ഇന്ത്യന്‍ വാഹന നിര്‍മാതാവ് എന്ന നേട്ടവും ടാറ്റയെ തേടി എത്തി. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഇലക്ട്രിക് കാറുകളിലൊന്നാണ് ടിയോഗാ ഇവി. വെറും 24 മണിക്കൂറിനുള്ളില്‍ 10,000 ബുക്കിങ്ങ് നേടിയെടുത്ത കാറിന് 2022 ഡിസംബര്‍ ആയപ്പോഴേക്കും 20,000 ബുക്കിങ്ങ് ആണ് ലഭിച്ചത്. വിവിധ വകഭേദങ്ങളിലായി 8.69 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയാണ് ടിയാഗോ ഇലക്ട്രിക്കിന്റെ എക്‌സ്‌ഷോറൂം വില. 19.2കിലോവാട്ട്അവര്‍, 24 കിലോവാട്ട്അവര്‍ എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. 24കിലോവാട്ട്അവര്‍ ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 315 കിലോമീറ്റര്‍ റേഞ്ചും 19.2 കിലോവാട്ട്അവര്‍ ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 250 കിലോമീറ്റര്‍ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. ഏഴ് വിവിധ മോഡലുകളിലാണ് വാഹനം ലഭ്യമാകുന്നത്. ടാറ്റയുടെ സിപ്രോണ്‍ ടെക്‌നോളജിയാണ് ടിയാഗോയുടെയും അടിസ്ഥാനം. നോര്‍മല്‍ മോഡും സ്‌പോര്‍ട്‌സ് മോഡും എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളും വാഹനത്തിലുണ്ട്. ടിയാഗോയ്ക്ക് 60 കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ 5.7 സെക്കന്‍ഡ് മാത്രം മതി.