ഹൃദയാഘാതത്തിന് ഒരു മാസം മുമ്പ് തൊട്ട് തന്നെ രോഗിയില്‍ ഇതിന്റെ സൂചനകള്‍ കാണാമെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ ‘സര്‍ക്കുലേഷന്‍’ലാണ് പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. സ്ത്രീകളില്‍ കാണുന്ന ലക്ഷണങ്ങളാണ് കാര്യമായും പഠനം പറയുന്നത്. ഏറ്റവുമധികം പേര്‍ ഹൃദയാഘാതത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അനുഭവിക്കുന്ന പ്രശ്‌നം അസാധാരണമായ തളര്‍ച്ചയാണെന്ന് പഠനം പറയുന്നു. ഇതുകഴിഞ്ഞാല്‍ പിന്നെ വരുന്ന പ്രശ്‌നം ഉറക്കമില്ലായ്മയോ, ശരിയാംവിധം ഉറങ്ങാന്‍ കഴിയാതിരിക്കുന്ന അവസ്ഥയോ ആണത്രേ. തുടര്‍ന്നാണ് നെഞ്ചുവേദന, നെഞ്ചില്‍ അസ്വസ്ഥത പോലുള്ള പ്രശ്‌നങ്ങള്‍ കാണുന്നതെന്നും പഠനം പറയുന്നു. ഇത്തരത്തില്‍ ഹൃദയാഘാതത്തിന് മുമ്പ് ഒരു മാസത്തോളമായി രോഗിയില്‍ കണ്ടേക്കാവുന്ന പത്ത് – പന്ത്രണ്ട് ലക്ഷണങ്ങളെ കുറിച്ചും പഠനം പങ്കുവച്ചിട്ടുണ്ട്. അസാധാരണമായ ക്ഷീണം തന്നെയാണ് ഈ പട്ടികയിലും ഒന്നാമതുള്ളത്. ഇതിന് പുറമെ നേരത്തേ സൂചിപ്പിച്ചത് പോലെ ഉറക്കമില്ലായ്മയോ ഉറക്കം ശരിയാകാതിരിക്കുന്നതോ ആയ അവസ്ഥ, ശ്വാസതടസം, ദഹനമില്ലായ്മ, ഉത്കണ്ഠ, നെഞ്ചിടിപ്പ് കൂടുക, കൈകള്‍ ദുര്‍ബലമായി തോന്നുക, ചിന്തകളിലും ഓര്‍മ്മകളിലും അവ്യക്തത, കാഴ്ചയില്‍ പ്രശ്‌നങ്ങള്‍, വിശപ്പില്ലായ്മ, കൈകളില്‍ വിറയല്‍, രാത്രിയില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയെല്ലാമാണത്രേ രോഗിയില്‍ കണ്ടേക്കാവുന്ന ലക്ഷണങ്ങള്‍. ഇത്തരം പ്രശ്‌നങ്ങള്‍ നിത്യജീവിതത്തില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളുടെയോ അസുഖങ്ങളുടെയോ ഭാഗമായും അനുഭവപ്പെടാം. എന്നാല്‍ ഇവയൊന്നും അങ്ങനെ നിസാരമായി തള്ളിക്കളയാതെ കാരണം പരിശോധിച്ച് ഉറപ്പുവരുത്തുക.