പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗി പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കായി സെബിക്ക് അപേക്ഷ സമര്‍പ്പിച്ചു. ഐ.പി.ഒ വഴി 10,400 കോടി രൂപ സമാഹരിക്കാന്‍ കമ്പനി ഓഹരിയുടമകളില്‍ നിന്ന് അനുമതി തേടിയിരുന്നു. പുതു ഓഹരികള്‍ വഴി 3,750 കോടി രൂപയും നിലവിലുള്ള ഓഹരിയുടമകളുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ വഴി 6,664 കോടി രൂപയുമാണ് സമാഹരിക്കുക. ഐ.പി.ഒയ്ക്ക് മുന്‍പായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 750 കോടി രൂപയും സമാഹരിക്കാന്‍ സ്വിഗ്ഗിക്ക് പദ്ധതിയുണ്ട്. സ്വിഗ്ഗിയില്‍ 33 ശതമാനം ഓഹരിയുള്ള, ഏറ്റവും വലിയ നിക്ഷേപകരായ പ്രോസസിനെ കൂടാതെ സോഫ്റ്റ് ബാങ്കും ഒ.എഫ്.എസ് വഴി ഓഹരി വിറ്റഴിച്ചേക്കും. രഹസ്യ സംവിധാനം വഴിയാണ് സ്വിഗ്ഗി ഡി.ആര്‍.എച്ച്.പി സമര്‍പ്പിച്ചത്. 2022ല്‍ സെബി അവതരിപ്പിച്ചതാണ് കോണ്‍ഫിഡന്‍ഷ്യല്‍ ഫയലിംഗ്. ഇത് വഴി അപേക്ഷിക്കുമ്പോള്‍ പൊതു പ്ലാറ്റുഫോമുകളില്‍ പരസ്യപ്പെടുത്തേണ്ടതില്ല. കമ്പനികള്‍ക്ക് ഐ.പി.ഒയില്‍ കൂടുതല്‍ ഫ്‌ലെക്‌സിബിലിറ്റി നേടാന്‍ ഇത് സഹായിക്കും. അതായത് ഡി.ആര്‍.എച്ച്.പി അന്തിമമാക്കുന്നതിന് മുമ്പ് പുതു ഓഹരികളുടെ വിഹിതത്തില്‍ മാറ്റം വരുത്താന്‍ സാധിക്കും. ഓഹരി അനുപാതത്തില്‍ 50 ശതമാനം വരെ ഇത്തരത്തില്‍ മാറ്റാം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സ്വിഗിയുടെ വരുമാനം 45 ശതമാനം ഉയര്‍ന്ന് 8,265 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ 4,179 കോടി രൂപയുടെ നഷ്ടവും കമ്പനി രേഖപ്പെടുത്തി. ഫുഡ് ഡെലിവറി കൂടാതെ ക്വിക്ക് കൊമേഴ്സ് വിഭാഗത്തിലേക്കും കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട്. 2022 ജനുവരിയില്‍ അവസാനം ഫണ്ട് സമാഹരിച്ചപ്പോള്‍ 10.7 ബില്യണ്‍ ഡോളറാണ് സ്വിഗ്ഗിയുടെ മൂല്യം കണക്കാക്കിയിരുന്നത്.