ബീഡി തെറുത്തും മാനുവല്‍ സണ്‍സിന്റെ കോഴിക്കോട്ടെ സ്റ്റാര്‍ ഹോട്ടലായ മലബാര്‍ പാലസില്‍ റൂം ബോയിയായും ജീവിതത്തോടു പടപൊരുതിയ കാസര്‍കോട്ടുകാരന്‍ സുരേന്ദ്രന്‍ കെ. പട്ടേല്‍ ഇന്ന് അമേരിക്കയിലെ ടെക്‌സാസില്‍ ജില്ലാ കോടതി ജഡ്ജിയാണ്.
അമ്പത്തൊന്നുകാരനായ സുരേന്ദ്രന്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലെ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തത് അമേരിക്കന്‍ ഭരണഘടനയ്‌ക്കൊപ്പം ഭഗവത് ഗീതയിലും കൈവച്ചുകൊണ്ടായിരുന്നു.
കാസര്‍കോട്ടെ ബലാല്‍ ഗ്രാമമാണു സ്വദേശം. പത്താം ക്ലാസുവരെ ബീഡി തെറുത്തു കുടുംബം പോറ്റാന്‍ കഷ്ടപ്പെട്ട സുരേന്ദ്രനാണ് പിന്നീടു ഗംഭീരമായ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇച്ഛാശക്തിയോടെ കഠിനധ്വാനം ചെയ്തു മുന്നേറി അമേരിക്കയില്‍ ജഡ്ജിയായി മാറിയത്. കഷ്ടപ്പാടുകള്‍ മൂലം പത്താം ക്ലാസോടെ പഠനം നിര്‍ത്തേണ്ടി വന്നു. മുഴുവന്‍ സമയവും ബീഡിതെറുപ്പുകാരനായി. ക്‌ളേശങ്ങള്‍ക്കിടയില്‍ മികച്ച വിദ്യാഭ്യാസവും നല്ല ഉദ്യോഗവും സ്വപ്‌നം കണ്ടു. അങ്ങനെ പ്ലസ് ടു കോഴ്‌സിനു ചേര്‍ന്നു. പഠനവും തൊഴിലും ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോയി. പട്ടിണിയോടു പൊരുതിയാണു പഠനത്തില്‍ മുന്നേറിയത്. 1992 ല്‍ പൊളിറ്റിക്‌സില്‍ ബിരുദം നേടി. പകല്‍ കോളജില്‍ പഠനം. കോളജ് വിട്ടാല്‍ കോഴിക്കോട്ടെ മലബാര്‍ പാലസില്‍ തൂപ്പുകാരനായും പിന്നീടു റൂം ബോയിയായും സേവനം. ബിരുദ പഠനത്തിനു പിറകേ, ലോ കോളജില്‍ എല്‍എല്‍ബിക്കു ചേര്‍ന്നു. നിയമപഠനത്തിനുശേഷം ഡല്‍ഹിയിലാണു പ്രാക്ടീസ് ആരംഭിച്ചത്. സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്തു. അതിനിടെ വിവാഹിതനായി. നഴ്‌സായ ശുഭ. ഡല്‍ഹിയിലേക്കു കര്‍മമണ്ഡലം മാറ്റിയപ്പോള്‍ പത്‌നി ശൂഭയ്ക്കും ഡല്‍ഹിയില്‍ ജോലി തരപ്പെടുത്തി. അങ്ങനെയിരിക്കേ ശുഭയ്ക്ക് അമേരിക്കയില്‍ നഴ്‌സായി ജോലി കിട്ടി. അങ്ങനെ 2007 ലാണ് ഇവര്‍ ടെക്‌സാസിലെ ഹോസ്റ്റണിലേക്കു കുടിയേറിയത്. സുരേന്ദ്രന്‍ ടെക്‌സാസിലെ നിയമപരീക്ഷ ആദ്യതവണതന്നെ പാസായി. അവിടെനിന്ന് എല്‍എല്‍എം ബിരുദവും നേടി. കുടുംബം, സിവില്‍, ക്രിമിനല്‍, വാണിജ്യ വ്യവഹാരങ്ങള്‍ക്ക് അറിയപ്പെടുന്ന അഭിഭാഷകനായി മാറി. വൈകാതെ സര്‍ക്കാരിന്റെ അഭിഭാഷകനായി.
ഇപ്പോള്‍ രണ്ടു വമ്പന്മാരെ വീഴ്ത്തിയാണ് സുരേന്ദ്രന്‍ പട്ടേല്‍ ജഡ്ജിയായുള്ള നിയമനം നേടിയത്. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയുള്ള സിറ്റിംഗ് ജഡ്ജിയേയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നോമിനിയേയും പിന്തുള്ളിയാണ് സുരേന്ദ്രന്‍ പട്ടേല്‍ നീതിപീഠത്തിലേക്കു നടന്നുകയറിയത്.
പണ്ട് ബീഡി തെറുത്തും മാനുവല്‍ സണ്‍സിന്റെ സ്റ്റാര്‍ ഹോട്ടലായ മലബാര്‍ പാലസില്‍ ഉടമ ഉതുപ്പേട്ടന്റെ വിശ്വസ്ത ജീവനക്കാരനായി കഴിഞ്ഞതുമെല്ലാം സുരേന്ദ്രന്‍ അഭിമാനപൂര്‍വമാണ് ഓര്‍മിക്കുന്നത്. രണ്ടു പെണ്‍മക്കള്‍ക്കൊപ്പം ടെക്‌സാസില്‍ സന്തോഷകരമായ ജീവിതം നയിക്കുന്ന സുരേന്ദ്രന്‍ നല്‍കുന്ന സന്ദേശം പലതാണ്. ജോലിയുടെ മഹത്വമാണ് ഒന്ന്. സ്വപ്‌നം കണ്ട് ഇച്ഛാശക്തിയോടെ കഠിനധ്വാനം ചെയ്താല്‍ നേടിയെടുക്കാമെന്നതാണു മറ്റൊന്ന്. വന്ന വഴി മറക്കാതെ നന്ദി പറയണമെന്ന സന്ദേശമാണ് വേറെയൊന്ന്.