മുന്‍ സ്പീക്കറും സിപിഎം നേതാവുമായ പി ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ഫോട്ടോകള്‍ പുറത്തുവിട്ട് സ്വപ്ന സുരേഷ്. സ്വപ്നയെ വീട്ടിലേക്കു ക്ഷണിച്ചിട്ടില്ലെന്ന ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനു മറുപടിയായാണ് കിടക്കയില്‍ കിടക്കുന്ന ഫോട്ടോ സഹിതം സ്വപ്ന തിരിച്ചടിച്ചത്. ഇത് ലളിതവും വിനീതവുമായ മറുപടിയാണെന്നു കുറിച്ചുകൊണ്ടാണ് സ്വപ്നയുടെ പോസ്റ്റ്. ഒരു ഓര്‍മ്മപ്പെടുത്തലാണ്. തനിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഈ മാന്യനോട് അഭ്യര്‍ത്ഥിക്കുന്നു. അപ്പോള്‍ ബാക്കി തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാമെന്നും സ്വപ്ന കുറിച്ചു.
ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ഇന്നു സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേല്‍ക്കും. 190 വര്‍ഷം ഇന്ത്യയെ ഭരിച്ച ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജന്റെ ഭരണം. ഇന്ത്യയിലെ പഞ്ചാബില്‍ ജനിച്ച് പിന്നീട് ബ്രിട്ടനിലേക്ക് കുടിയേറിയ പൂര്‍വികരുടെ പിന്മുറക്കാരനാണ് ഋഷി സുനക്. പേരിലും പെരുമാറ്റത്തിലും ഇന്ത്യന്‍ തനിമ കാത്തു സൂക്ഷിക്കുന്ന വ്യക്തിത്വം. ഉഷയുടേയും യശ്‌വീര്‍ സുനകിന്റെയും മൂത്ത മകനാണ്. 1980 ലാണ് ഈ നാല്‍പത്തി രണ്ടുകാരന്റെ ജനനം. തെരേസ മേ, ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭകളില്‍ മന്ത്രിയായിരുന്നു.
ഉക്കടത്ത് കാര്‍ ബോംബ് സ്ഫോടനത്തിന്റെ അന്വേഷണ സംഘം വിയ്യൂര്‍ ജയിലിലെത്തി. ശ്രീലങ്കന്‍ സ്ഫോടനക്കേസില്‍ 2019 ല്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റുചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാക്കിയ മുഹമ്മദ് അസ്ഹറുദ്ദീനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം എത്തിയത്. ചാവേര്‍ കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്‍ വിയ്യൂരിലെത്തി ഇയാളെ കണ്ടിരുന്നോയെന്ന് അന്വേഷിക്കാനാണ് അന്വേഷണ സംഘം വിയ്യൂരില്‍ എത്തിയത്. ശ്രീലങ്കയില്‍ ഈസ്റ്റര്‍ദിനത്തിലെ സ്ഫോടന മാതൃകയില്‍ സ്ഫോടനമുണ്ടാക്കാനാണ് പദ്ധതിയിട്ടതെന്നാണു പോലീസിനു ലഭിച്ച വിവരം.
ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ വടകര ഡിവൈഎസ്പിക്കു മുന്നില്‍ ഹാജരായി. ഏഴ് ദിവസത്തിനകം ഹാജരാകണമെന്നായിരുന്നു ഹൈക്കോതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് നിര്‍ദ്ദേശിച്ചത്. സിവിക് ചന്ദ്രന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. അറസ്റ്റു ചെയ്ത പോലീസ് ഹൈക്കോടതി ഉത്തരവനുസരിച്ച് ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും.
നൂറാം പിറന്നാള്‍ ആഘോഷിച്ച സിപിഎം നേതാവ് വി.എസ് അച്യുതാനന്ദന് ആശംസയുമായി വീട്ടിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിഎസിനെ കാണാനാകാതെ മടങ്ങേണ്ടിവന്നു. രാവിലെ പത്തോടെയാണ് വിഎസിന്റെ വീട്ടിലെത്തിയത്. സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ ഗവര്‍ണര്‍ വിഎസിനെ കണ്ടില്ല. വിഎസിന്റെ ഭാര്യയും മകനും അടക്കം കുടുംബാംഗങ്ങളുമായി സംസാരിക്കുകയും വിഎസിനെ അണിയിക്കാന്‍ കൊണ്ടുവന്ന പൊന്നാട കൈമാറുകയും ചെയ്ത ശേഷം ഗവര്‍ണര്‍ മടങ്ങി.
കേരള സര്‍വകലാശാലയുടെ താത്കാലിക വൈസ് ചാന്‍സലറായി ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ചുമതലയേറ്റു. സര്‍വകലാശാലാ ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥര്‍ വിസിയ്ക്കു സ്വീകരണം നല്‍കി. വൈസ് ചാന്‍സലറായിരുന്ന വി.പി. മഹാദേവന്‍ പിള്ളയുടെ നാലുവര്‍ഷ കാലാവധി ഇന്നലെ അവസാനിച്ചതിനാല്‍ ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് മോഹനന്‍ കുന്നുമ്മലിന് അധിക ചുമതല നല്‍കിയത്.
കഠിനമായ യാതനകള്‍ അനുഭവിച്ച സ്ത്രീയാണ് സ്വപ്നയെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്വപ്ന സുരേഷ് ഉന്നയിച്ച ലൈംഗികാരോപണം നിഷേധിച്ച അദ്ദേഹം മൂന്നു വര്‍ഷത്തിനിടെ ഇല്ലാത്ത ആക്ഷേപം ഇപ്പോള്‍ ബോധപൂര്‍വം കെട്ടിച്ചമച്ചതാണെന്ന് കുറ്റപ്പെടുത്തി. പാര്‍ട്ടിയോട് ആലോചിച്ച് നിയമനടപടിയിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.