മെഴ്‌സിഡീസ് ബെന്‍സിന്റെ ജിഎല്‍ഇ എസ്‌യുവിയുടെ പെര്‍ഫോമന്‍സ് പതിപ്പ് 53 എഎംജി സ്വന്തമാക്കി മുന്‍ വിശ്വസുന്ദരി സുസ്മിത സെന്‍. ഏകദേശം 1.64 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. പുതിയ വാഹനം വാങ്ങിയ വിവരം സുസ്മിത തന്നെയാണ് ആരാധകരെ അറിയിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ‘ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റ്’ എന്ന അടിക്കുറിപ്പില്‍ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ബെന്‍സിന്റെ പെര്‍ഫോമന്‍സ് നിരയായ എഎംജിയിലെ ഏറ്റവും കരുത്തന്‍ എസ്‌യുവികളിലൊന്നാണ് ജിഎല്‍ഇ 53 എഎംജി. മൂന്നു ലീറ്റര്‍ ആറു സിലിണ്ടര്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. 5500 മുതല്‍ 6100 ആര്‍പിഎമ്മില്‍ 435 എച്ച്പി കരുത്തും 1800 മുതല്‍ 5800 വരെ ആര്‍പിഎമ്മില്‍ 520 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും ഈ എന്‍ജിന്‍. വേഗം നൂറ് കടക്കാന്‍ വെറും 5.3 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയര്‍ന്ന വേഗം 250 കിലോമീറ്ററാണ്.