സണ്ണി ലിയോണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ഒ മൈ ഗോസ്റ്റ്’ എന്ന തമിഴ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഒരു ഹൊറര്‍ കോമഡി ചിത്രമായിട്ടായിരിക്കും ‘ഓ മൈ ഗോസ്റ്റ്’ എത്തുക. ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ യുവന്‍ ആണ്. ആര്‍ യുവന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഛായാഗ്രാഹണം ദീപക് ഡി മേനോനാണ് നിര്‍വഹിക്കുന്നത്. ജാവേദ് റിയാസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സതിഷ് ദര്‍ശ ഗുപ്ത, മൊട്ടൈ രാജേന്ദ്രന്‍, രമേഷ് തിലക്, അര്‍ജുനന്‍, തങ്ക ദുരൈ എന്നിവരും സണ്ണി ലിയോണൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നു. അനുരാഗ് കശ്യപിന്റെ അടുത്ത ചിത്രത്തിലും ഒരു സുപ്രധാന വേഷത്തില്‍ സണ്ണി ലിയോണ്‍ എത്തുന്നുണ്ട്.
സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. പീരിയോഡിക് ത്രിഡി ചിത്രമായിരിക്കും .പത്തു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന് സൂര്യ 42 എന്നാണ് താത്കാലികമായി നല്‍കുന്ന പേര്. ദിഷ പഠാനി ആണ് നായിക. ദേവിശ്രീ പ്രസാദ് സംഗീത സംവിധാനവും വെട്രി പളനിസാമി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കി സംഭാഷണം എഴുതുന്നു. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് നിര്‍മ്മാണം.
ഇന്ത്യയിലെ 142 ശതകോടീശ്വരന്മാരും സംയുക്തമായി കൈയാളുന്നത് 83,200 കോടി ഡോളര്‍ (ഏകദേശം 66.36 ലക്ഷം കോടി രൂപ) ആസ്തിയെന്ന് ഫോര്‍ച്യൂണ്‍ ഇന്ത്യയുടെ ‘ഇന്ത്യാസ് റിച്ചസ്റ്റ് – 2022’ റിപ്പോര്‍ട്ട്. വെല്‍ത്ത് മാനേജ്മെന്റ് കമ്പനികളില്‍ നിന്നുള്ള വിവരങ്ങള്‍, ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡേറ്റ തുടങ്ങിയവ ക്രോഡീകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 10.29 ലക്ഷം കോടി രൂപ ആസ്തിയുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയാണ് ഒന്നാമത്. ലോകത്തെ മൂന്നാമത്തെ വലിയ സമ്പന്നനുമാണ് അദാനി. മുകേഷ് അംബാനി (7.55 ലക്ഷം കോടി രൂപ), ഷപൂര്‍ ആന്‍ഡ് സൈറസ് മിസ്ത്രി കുടുംബം (2.57 ലക്ഷം കോടി രൂപ), രാധാകിഷന്‍ ധമാനി (2.19 ലക്ഷം കോടി രൂപ), അസീം പ്രേംജി (1.74 ലക്ഷം കോടി രൂപ) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് സമ്പന്നര്‍.
രാജ്യത്ത് സമ്പദ്പ്രവര്‍ത്തനങ്ങള്‍ മികച്ച ഉണര്‍വിലെന്ന് വ്യക്തമാക്കി ആഗസ്റ്റില്‍ ഇ-വേ ബില്ലുകളിലുണ്ടായത് റെക്കാഡ് വര്‍ദ്ധന. ഇ-വേ ബില്ലുകള്‍ കൂടുമ്പോള്‍ ആനുപാതികമായി ജി.എസ്.ടി വരുമാനവും ഉയരും. കഴിഞ്ഞമാസം 7.82 കോടി ഇ-വേ ബില്ലുകള്‍ ജനറേറ്റ് ചെയ്യപ്പെട്ടു. ഇത് എക്കാലത്തെയും ഉയരമാണ്. 2021 ആഗസ്റ്റിനേക്കാള്‍ 19 ശതമാനം അധികവുമാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ലഭിച്ച 1.68 ലക്ഷം കോടി രൂപയാണ് എക്കാലത്തെയും ഉയര്‍ന്ന ജി.എസ്.ടി വരുമാനം; ആ മാസം ജനറേറ്റ് ചെയ്യപ്പെട്ടത് 7.81 കോടി ഇ-വേ ബില്ലുകളായിരുന്നു. കഴിഞ്ഞമാസത്തെ കണക്കുനോക്കുമ്പോള്‍ ആഗസ്റ്റിലെ ഇടപാടുകളില്‍ നിന്നായി സെപ്തംബറില്‍ സമാഹരിക്കുന്ന ജി.എസ്.ടി വരുമാനം 1.5 ലക്ഷം കോടി രൂപ കടക്കാനോ പുതിയ ഉയരം കുറിക്കാനോ സാദ്ധ്യതയുണ്ട്. ആഗസ്റ്റില്‍ സമാഹരിച്ച ജി.എസ്.ടി 1.43 ലക്ഷം കോടി രൂപയായിരുന്നു. തുടര്‍ച്ചയായ ആറാംമാസമാണ് സമാഹരണം 1.4 ലക്ഷം കോടി രൂപ കടന്നത്.
ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണിന്റെ എസ്‌യുവി സി5 എയര്‍ക്രോസിന്റെ പുതിയ പതിപ്പ് എത്തി. വില 36.67 ലക്ഷം രൂപ. ഒട്ടേറെ പുതുമകളോടെയാണ് പുതിയ പതിപ്പ് അവതരിപ്പിച്ചത്. രൂപത്തിലും ഭാവത്തിലും യാത്രാസുഖത്തിലുമെല്ലാം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സിട്രോണ്‍ അഡ്വാന്‍സ്ഡ് കംഫര്‍ട്ട് സസ്പെന്‍ഷന്‍, സീറ്റുകള്‍, വിശാലമായ അകത്തളം, പുതിയ 10 ഇഞ്ച് ടച്സ്‌ക്രീനും സെന്റര്‍ കണ്‍സോളും, ഗിയര്‍ ഷിഫ്റ്റര്‍, ഡ്രൈവ് മോഡ് ബട്ടന്‍ എന്നിവയാണ് പുതിയ പതിപ്പിന്റെ പ്രധാന സവിശേഷതകള്‍. 36 മാസം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ ആണ് വാറന്റി.
മലയാള കഥാസാഹിത്യത്തില്‍ ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്ത വഴിത്താരകള്‍ സൃഷ്ടിച്ച എഴുത്തുകാരനാണ് സുഭാഷ് ചന്ദ്രന്‍. മനുഷ്യ ജീവിതാവസ്ഥകളെ തന്റെ രചനാതന്ത്രത്തിലൂടെ കുട്ടികള്‍ക്കായി ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുകയാണ് കഥാകൃത്ത്. ‘മൂന്ന് മാന്ത്രികന്മാര്‍’. സുഭാഷ് ചന്ദ്രന്‍. ഡിസി ബുക്‌സ്. വില 142 രൂപ.
പാചകം ചെയ്താല്‍ പോഷകഗുണം നഷ്ടപ്പെടുമെന്ന് കരുതി പച്ചക്കറികള്‍ പച്ചയ്ക്ക് കഴിക്കുന്നവരാണ് പല ഫിറ്റ്‌നസ് പ്രേമികളും. എന്നാല്‍ ചില പച്ചക്കറികള്‍ പച്ചയായോ ജ്യൂസായോ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യില്ല എന്നത് മാത്രമല്ല ദോഷകരമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. പച്ചക്കറികളുടെ രുചിയും ഗുണവും നിലനിര്‍ത്താന്‍ അല്‍പ്പമെങ്കിലും പാചകം ചെയ്ത ശേഷം മാത്രം കഴിക്കണമെന്നാണ് ഇവര്‍ പറയുന്നത്. കൂടാതെ ചില പച്ചക്കറികളില്‍ വിഷാംശങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ പച്ചയ്ക്ക് കഴിക്കുന്നത് ഉദര സംബന്ധമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. നമ്മുടെ ശരീരത്തിനാവശ്യമായ ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ എല്ലാം ഇലക്കറികളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ചീരയും മുരിങ്ങയിലയുമെല്ലാം ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ സാലഡായോ അല്ലാതെയോ ഇവ പച്ചയ്ക്ക് കഴിക്കുന്നത് ഓക്കാനം, വയറിളക്കം, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കൂടാതെ ശരീരത്തില്‍ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും ഇത് കാരണമാകുന്നു. ഈ ബാക്ടീരിയകള്‍ വെള്ളത്തില്‍ കഴുകിയാല്‍ നശിക്കില്ല. അതിനാല്‍ എണ്ണയില്‍ വഴറ്റിയോ ആവിയില്‍ വേവിച്ചോ കഴിക്കാവുന്നതാണ്. സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനായി മസാലകള്‍ ചേര്‍ക്കുകയോ താളിക്കുകയോ ചെയ്യാവുന്നതാണ്. കൂടാതെ ചൂടാക്കിയ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ കുടലിലെ രക്തയോട്ടം വര്‍ദ്ധിപ്പിച്ച് ദഹനം വേഗത്തിലാക്കാന്‍ സഹായിക്കുന്നു. വേവിച്ച ഭക്ഷണം ആമാശയത്തില്‍ എളുപ്പത്തില്‍ വിഘടിക്കുകയും പോഷകങ്ങള്‍ ശരീരം ശരിയായി ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഒപ്പം, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചുമ, ജലദോഷം എന്നിവയില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനും നിങ്ങള്‍ക്ക് പച്ചക്കറികള്‍ സൂപ്പ് ആക്കി ദിവസവും കുടിക്കാവുന്നതാണ്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.66, പൗണ്ട് – 92.41, യൂറോ – 80.86, സ്വിസ് ഫ്രാങ്ക് – 82.98, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.55, ബഹറിന്‍ ദിനാര്‍ – 213.18, കുവൈത്ത് ദിനാര്‍ -260.78, ഒമാനി റിയാല്‍ – 209.20, സൗദി റിയാല്‍ – 21.20, യു.എ.ഇ ദിര്‍ഹം – 21.69, ഖത്തര്‍ റിയാല്‍ – 21.88, കനേഡിയന്‍ ഡോളര്‍ – 61.03.