ഇന്ത്യയിലെ ഏറ്റവും വലിയ മരുന്ന് നിര്‍മാണ കമ്പനിയാണ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ്, യുഎസ് ആസ്ഥാനമായ ആഗോള മരുന്ന് കമ്പനി ‘ഓര്‍ഗനോനെ’ 1,175 കോടി ഡോളറിന് (ഏകദേശം 1.10 ലക്ഷം കോടി രൂപ) ഏറ്റെടുക്കുന്നു. രാജ്യത്ത് ഒരു ഫാര്‍മ കമ്പനി നടത്തിയതില്‍ വച്ച് ഏറ്റവും വലിയ ഇടപാടാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മരുന്ന് കമ്പനികളിലൊന്നായ അമേരിക്ക ആസ്ഥാനമായുള്ള മെര്‍ക്ക് എന്ന കമ്പനിയില്‍ നിന്ന് 2021-ലാണ് ഓര്‍ഗനോന്‍ ഒരു പ്രത്യേക കമ്പനിയായി വേര്‍പിരിഞ്ഞത്. കരാര്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സണ്‍ ഫാര്‍മയുടെ ഓഹരികളില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. 140-ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയാണ് ഓര്‍ഗനോന്‍. ഈ കരാര്‍ പൂര്‍ത്തിയാകുന്നതോടെ സണ്‍ ഫാര്‍മയുടെ വാര്‍ഷിക വരുമാനം ഏകദേശം 1.15 ലക്ഷം കോടി രൂപയായി ഉയരും. ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ സ്പെഷ്യാലിറ്റി ജനറിക് മരുന്ന് കമ്പനിയാണ് സണ്‍ ഫാര്‍മ. ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളില്‍ സണ്‍ ഫാര്‍മ മരുന്നുകള്‍ വില്‍ക്കുന്നുണ്ട്.
