അരവിന്ദ് കെജ്രിവാളിനെ അന്യായമായി അറസ്റ്റ് ചെയ്ത നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. കേന്ദ്ര അന്വേഷണ ഏജന്‍സികളെ സ്വാധീനിച്ച് ജനാധിപത്യം അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയവത്കരിക്കുന്നതിന്‍റെ ദുരന്തഫലങ്ങളാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന പ്രതിപക്ഷവേട്ടയെന്നും സുധാകരന്‍ പറഞ്ഞു. കേന്ദ്രത്തില്‍ നരേന്ദ്രമോദിയും കേരളത്തില്‍ പിണറായി വിജയനും പ്രതിപക്ഷ നേതാക്കളെ യാതൊരു അടിസ്ഥാനവുമില്ലാത്ത കേസുകളില്‍ പ്രതിചേര്‍ത്ത് വേട്ടയാടുകയാണ്. നരേന്ദ്രമോദിയോട് ഇഷ്ടം കാണിക്കുന്ന മുഖ്യമന്ത്രിമാരെ എത്ര അഴിമതികള്‍ ഉണ്ടെങ്കിലും സംരക്ഷിക്കുകയും എതിര്‍ക്കുന്നവരെ മാത്രം അകാരണമായി തുറുങ്കിലടക്കുകയും ചെയ്യുന്ന അധാര്‍മിക രാഷ്ട്രീയമാണ് ബിജെപി നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.