സംസ്ഥാനത്തെ തെരുവുനായ പ്രശ്നങ്ങൾ പരിഹരിക്കാൻ കൊവിഡ്, പ്രളയ കാലത്ത് നടത്തിയ ജനകീയ ഇടപെടലിന് സമാനമായ രീതിയിലുളള ഇടപെടലാണ് തെരുവ് നായ പ്രശ്നത്തിലുണ്ടാകുകയെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.എബിസി പദ്ധതി നടപടികൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ അടിസ്ഥാനത്തിൽ സമിതി രൂപീകരിക്കാൻ തീരുമാനം. കളക്ടർ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സെക്രട്ടറി എന്നിവരടങ്ങുന്ന നാലംഗ സമിതിയാകും ജില്ലാ അടിസ്ഥാനത്തിൽ ഏകോപനം നിവ്വഹിക്കുക.
മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക് പോയി ഇനിയെന്ത് പഠിക്കാനാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പരിഹസിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും വിദേശ പര്യടനം കേരളത്തിന് ബാധ്യതയാകുന്നതല്ലാതെ ഗുണമൊന്നുമില്ല. സംസ്ഥാനത്തെ പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് പറയുന്ന സർക്കാരും മുഖ്യമന്ത്രിയുമാണ് ഉലകം ചുറ്റാനിറങ്ങുന്നതെന്നും സുധാകരൻ പറഞ്ഞു.
മുൻ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ കേരളത്തിലെത്തുന്നു. സംസ്ഥാന ഘടകത്തിന്റെ ചുമതല ലഭിച്ച ശേഷം ആദ്യമായാണ് അദ്ദേഹം സംസ്ഥാനത്തെത്തുന്നത്. സെപ്തംബർ 23ന് അദ്ദേഹം കേരളത്തിൽ എത്തും. കൊച്ചിയിലും കോട്ടയത്തും തിരുവനന്തപുരത്തും സന്ദർശനം നടത്തും. കേരളത്തിന്റെ ചുമതല ലഭിച്ചതിൽ വലിയ സന്തോഷം എന്ന് ജാവ്ദേക്കർ ദില്ലിയിൽ പറഞ്ഞു. പാർട്ടിയുടെ വളർച്ചയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമബംഗാളില്‍ ബിജെപി സംഘടിപ്പിച്ച സെക്രട്ടേറിയേറ്റ് മാർച്ചില്‍ വ്യാപക സംഘർഷം. ബാരിക്കേഡ് മറികടന്ന് പോകാന്‍ ശ്രമിച്ച സമരക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധക്കാർ പൊലീസ് ജീപ്പിന് തീയിട്ടു. നിരവധി പേർക്ക് പരിക്കേറ്റു.. മാർച്ചില്‍ ആയിരക്കണക്കിന് പ്രവർത്തകരുണ്ടായിരുന്നു.
മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിലിൽ തന്നെ തുടരുമെന്ന് ജയിൽ അധികൃതർ. ഹാത്രസിലേക്ക് പോകും വഴി യുപി സർക്കാര്‍ ചുമത്തിയ യു എ പി എ കേസിൽ ജാമ്യം ലഭിച്ചെങ്കിലും സിദ്ദിഖ് കാപ്പനെതിരായ ഇഡി കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഈ കേസിലും ജാമ്യം കിട്ടാതെ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാൻ കഴിയില്ലെന്നാണ് ലഖ്‌നൗ ജയിൽ അധികൃതർ പറയുന്നത്. ഈ മാസം 19നാണ് ഇഡി കേസ് ലക്നൗ കോടതി പരിഗണിക്കുന്നത്.