ആഗോള ഡിമാന്‍ഡും കയറ്റുമതി നികുതിയും തടസപ്പെടുത്തിയതിനാല്‍ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സ്റ്റീല്‍ കയറ്റുമതി അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദകരായ ഇന്ത്യയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ കയറ്റുമതി 6.7 ദശലക്ഷം ടണ്ണാണ്. ഈ വര്‍ഷം 50.2% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മേയില്‍ സര്‍ക്കാര്‍ കയറ്റുമതി നികുതി ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് പ്രധാന സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ ഡിസംബര്‍ പാദത്തില്‍ ലാഭത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കയറ്റുമതി നികുതി നവംബറില്‍ പിന്‍വലിക്കുകയും ചെയ്തു. അതേസമയം, ഇന്ത്യയുടെ ഇറക്കുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6 ദശലക്ഷം ടണ്‍ എന്ന നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. അതേ സമയം ഇന്ത്യയുടെ ക്രൂഡ് സ്റ്റീല്‍ ഉത്പാദനം 2022-23 ല്‍ 125.32 ദശലക്ഷം ടണ്‍ എന്ന റെക്കോഡ് ഉയരത്തിലെത്തി.