ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ പത്തിന് കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സ്‌കൂളുകളും കോളജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരി വിരുദ്ധ പരിപാടികള്‍ നടത്തും.
കേരളത്തില്‍ ലോക സമാധാന സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ സഹകരിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നോര്‍വേയിലെ നോബല്‍ സമ്മാന പ്രസ്ഥാനത്തിന്റെ സാരഥികളുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ആവശ്യം ഗൗരവമായി പരിഗണിക്കുമെന്ന് നോബല്‍ പീസ് സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെജെര്‍സ്റ്റി ഫ്ലോഗ്സ്റ്റാഡ് വ്യക്തമാക്കി. ലോക സമാധാന സമ്മേളനം സംഘടിപ്പിക്കാന്‍ കേരള ബജറ്റില്‍ രണ്ടു കോടി രൂപ വകയിരുത്തിയിരുന്നു.
കേരളത്തില്‍ ഫിഷറീസ്, അക്വാ കള്‍ച്ചര്‍ രംഗത്ത് പുതിയ പദ്ധതികള്‍ക്കു നോര്‍വേ സഹായം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം നോര്‍വേ ഫിഷറീസ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ധാരണ. കേരളത്തില്‍ മാരിടൈം ക്ലസ്റ്റര്‍ രൂപപ്പെടുത്താനും നോര്‍വേയുടെ സഹായമുണ്ടാകും.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിനോദയാത്രാ ബസും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ച് ഒമ്പതു പേര്‍ മരിച്ചു. 18 പേര്‍ക്കു ഗുരുതര പരിക്ക്. തൃശൂര്‍- പാലക്കാട് ദേശീയപാത വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തെ കൊല്ലത്തറയില്‍ അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍നിന്ന് ഊട്ടിക്കു വിനോദയാത്രയ്ക്കു പോയി തിരിച്ചുവരികയായിരുന്ന ടൂറിസ്റ്റു ബസ് കൊട്ടാരക്കര – കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ടൂറിസ്റ്റു ബസില്‍ 43 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും ഉണ്ടായിരുന്നു. ടൂറിസ്റ്റ് ബസ് ചതുപ്പിലേക്കു മറിഞ്ഞു. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്.
ലൈഫ് മിഷന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ സിബിഐ നോട്ടീസ് നല്‍കി. ഇന്നു രാവിലെ പത്തരയ്ക്ക് സിബിഐ ഓഫീസിലെത്തണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം.
ശശി തരൂരുമായി അടുത്ത സൗഹാര്‍ദമുണ്ടെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ടു ചെയ്യുമെന്നു പറയുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കേരളത്തിലെ കോണ്‍ഗ്രസ് വോട്ടര്‍മാര്‍ മനസാക്ഷി വോട്ടു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് കടത്തിയതിനു മുംബൈയില്‍ അറസ്റ്റിലായ എറണാകുളം കാലടി സ്വദേശി വിജിന്‍ വര്‍ഗീസിന്റെ കാലടിയിലെ യമിറ്റോ ഫ്രൂട്സ് കമ്പനിയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഒന്നും കണ്ടെത്താനായില്ല. വിജിന്‍ വര്‍ഗീസിന്റെ സഹോദരന്‍ ജിബിന്‍ വര്‍ഗീസിനേയും ബിസിനസ് പങ്കാളി ആല്‍ബിനേയും ചോദ്യം ചെയ്തു.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയിരുന്ന സാമൂഹ്യപ്രവര്‍ത്തക ദയാബായി ആശുപത്രിയില്‍നിന്ന് സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലേക്കു തിരിച്ചെത്തി. ആരോഗ്യനില മോശമായതിനാല്‍ പോലീസ് ഇവരെ ഇന്നലെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. പക്ഷേ വൈകാതെ അവര്‍ മടങ്ങിയെത്തി സമരം തുടരുകയായിരുന്നു.