ഇന്ത്യന്‍ സിനിമയുടെ തന്നെ ഗതി മാറ്റിയ ചിത്രമാണ് ‘ബാഹുബലി’. പരമ്പരയിലെ രണ്ട് ചിത്രങ്ങളും വലിയ ഹിറ്റുകളായിരുന്നു. പാന്‍ ഇന്ത്യന്‍ സിനിമ എന്ന പ്രയോഗം തന്നെ ആരംഭിക്കുന്നത് ബാഹുബലിയോടെയാണ്. ബാഹുബലിയുടെ പിന്നാമ്പുറ കഥകള്‍ പറയുന്ന നെറ്റ്ഫ്ളിക്സിന്റെ ഡോക്യുമെന്ററിയാണ് ബാഹുബലി: ദ ടോര്‍ച്ച്ബെയറര്‍. ബാഹുബലിയ്ക്കൊരു മൂന്നാം ഭാഗമുണ്ടാകുമെന്ന സൂചന നല്‍കുകയാണ് ഡോക്യുമെന്ററി. ചിത്രത്തിലെ പ്രധാന താരങ്ങളായ പ്രഭാസും അനുഷ്‌ക ഷെട്ടിയും റാണ ദഗ്ഗുബട്ടിയും തമ്മിലുള്ള സംസാരമാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ‘ലോകം ഇതുവരെ തയ്യാറായിട്ടില്ലായിരിക്കാം. പക്ഷെ ബഹുബലി വരും’ എന്നാണ് റാണ പറയുന്നത്. പിന്നാലെ പ്രഭാസും അനുഷ്‌കയും ബാഹുബലി എന്ന് ആവേശത്തോടെ പറയുന്നുണ്ട്. ഇതിനിടെ പ്രഭാസ് മൂന്ന് വിരല്‍ ഉയര്‍ത്തി കാണിക്കുന്നുണ്ട്. ലെഗസി തുടരുന്നു എന്ന വാക്കുകളോടെയാണ് ഡെക്യുമെന്ററി അവസാനിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ബാഹുബലിയ്ക്കൊരു മൂന്നാം ഭാഗം സംഭവിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരിപ്പോള്‍.
