ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് ആള്‍ട്രോസിന്റെ സ്പോര്‍ടി മോഡല്‍ റേസര്‍ വിപണിയില്‍. മൂന്ന് മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ ആര്1 എന്ന മോഡലിന് 9.49 ലക്ഷം രൂപയും ആര് 2 എന്ന മോഡലിന് 10.49 ലക്ഷം രൂപയും ആര് 3 എന്ന മോഡലിന് 10.99 ലക്ഷം രൂപയുമാണ് വില. റേസ് കാറുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനാണ് കാറിന്. 1.2 ലീറ്റര്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. 120 പിഎസ് കരുത്തും 120 എച്ച്പി 170 എന്‍എം ടോര്‍ക്കും നല്‍കും ഈ എന്ജിന്. രൂപകല്പനയില് ബോണറ്റിലേയും റൂഫിലേയും ട്വിന്‍ റേസിങ് സ്ട്രിപ്പുകള്‍, റേസര്‍ ബാഡ്ജ്, ചെറിയ മാറ്റങ്ങളുള്ള ഗ്രില്‍ എന്നിവയാണ് സ്റ്റാന്‍ഡേഡ് ഹാച്ച് ബാക്കുമായുള്ള പ്രധാന വ്യത്യാസങ്ങള്‍. 26.03 സെന്റിമീറ്റര്‍ ടച്ച് സ്ക്രീന്‍, സെഗ്മെന്റിലെ ആദ്യ വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ആറ് എയര്‍ബാഗുകള്‍, ഇഎസ്സി, ഹെഡ് അപ് ഡിസ്പ്ലേ, വോയ്സ് അസിസ്റ്റഡ് സണ്‍ റൂഫ് എന്നിങ്ങനെയാണ് ഫീച്ചറുകളിലുള്ള വ്യത്യാസങ്ങള്‍. ഇതുകൂടാതെ ആള്‍ട്രോസിന് പുതിയ മൂന്ന് മോഡലുകളും കൂടി ടാറ്റ അവതരിപ്പിച്ചു. എസഡ്എക്സ് എല്‍യുഎക്സ് എന്ന മോഡലിന് 8.99 ലക്ഷം രൂപയും എക്സ്ഇസഡ് പ്ലസ് എസ് എല്‍യുഎക്സ് എന്ന മോഡലിന് 9.64 ലക്ഷം രൂപയും എക്സ്ഇസഡ് പ്ലസ് ഒഎസ് എന്ന മോഡലിന് 9.98 ലക്ഷം രൂപയുമാണ് വില.