ഭക്ഷണത്തിന്റെ രുചിയും മണവും കൂട്ടാന്‍ മാത്രമല്ല, അവയുടെ പോഷകമൂല്യം വര്‍ധിപ്പിക്കുന്നതു കൂടിയാണ് സുഗന്ധവ്യഞ്ജനങ്ങള്‍. നമ്മുടെ പരമ്പരാഗതമായ നാടന്‍ വിഭവങ്ങളില്‍ സുഗന്ധവ്യഞ്ജങ്ങള്‍ അവശ്യ ഘടകമാണ്. എന്നാല്‍ ആരോഗ്യത്തെ അവബോധം വര്‍ധിച്ചതോടെ കറുവപ്പട്ട, ജീരകം, ഉലുവ, മഞ്ഞള്‍ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഭക്ഷണങ്ങള്‍ ചേര്‍ക്കുന്നതിനപ്പുറം അവയെ പ്രധാന ചേരുവകളാക്കി ഷോട്സ് അല്ലെങ്കില്‍ പില്‍സ് രൂപത്തിലാക്കി ഉപയോഗിക്കാറുണ്ട്. ഇത് നിരവധി ആരോഗ്യ സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്നുമുണ്ട്. അമിതമായാല്‍ അമൃതവും വിഷമാണെന്ന് പറയുന്നതു പോലെയാണ് സുഗന്ധവ്യഞ്ജനങ്ങളുടെ കാര്യവും. സുഗന്ധവ്യഞ്ജനങ്ങളെ മനുഷ്യരായി കണക്കാക്കിയാല്‍, അടുപ്പിക്കുന്തോറും ടോക്സിക് ആകുന്ന മനുഷ്യരെ പോലെയാണ് സുഗന്ധവ്യഞ്ജനങ്ങളെന്ന് പ്രശസ്ത പോഷകാഹാര വിദഗ്ധയായ റുജുത ദിവേക്കര്‍ പറയുന്നു. നമ്മുടെ നാടന്‍ വിഭവങ്ങളുടെ പാചകവിധികള്‍ തലമുറകളായി കൈമറി വരുന്നതാണ്. അവയുടെ രുചിയും മണവും കൃത്യമാകാന്‍ ചേര്‍ക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് കണക്കുണ്ട്. എന്നാല്‍ ആരോഗ്യമൂലമുള്ളതല്ലേ, കുറച്ച് കൂടുല്‍ ചേര്‍ക്കാമെന്ന് കരുതിയാല്‍ അത്, ആരോഗ്യത്തിന് ഗുണത്തെക്കാള്‍ ദോഷമുണ്ടാക്കുമെന്നും അവര്‍ പറയുന്നു. അളവില്‍ കൂടിയാല്‍ മുഖക്കുരു, ആര്‍ത്തവ ക്രമക്കേട്, ബ്ലോട്ടിങ് തുടങ്ങിയവയ്ക്ക് കാരണമാകും. എന്നു കരുതി കുറഞ്ഞു പോയാലും പ്രശ്നമാണ്. ഇത് ആര്‍ത്തവ സമയം അമിതമായ വേദന, ദഹനപ്രശ്നങ്ങള്‍, ചര്‍മ അസ്വസ്ഥതകള്‍ എന്നിവയെ ചെറുക്കാന്‍ കഴിയാതെ വരും. മിതത്വമാണ് പ്രധാനം. സുഗന്ധവ്യഞ്ജനങ്ങളുടെ മിതമായ ഉപയോഗം അവയുടെ ആരോഗ്യ ഗുണങ്ങള്‍ പൂര്‍ണമായി ലഭ്യമാകാന്‍ സഹായിക്കുമെന്നും അവര്‍ പറയുന്നു.