കേരള നവോത്ഥാന ചരിത്രത്തിലെ സാമൂഹ്യ പരിഷ്കർത്താവായിരുന്ന ശ്രീനാരായണഗുരുവിനെക്കുറിച്ച് അറിയാക്കഥകളുടെ കഴിഞ്ഞ ഭാഗങ്ങളിലൂടെ നിങ്ങൾ മനസ്സിലാക്കിയിരിക്കുമല്ലോ. അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ഒരു സഞ്ചാരം….!!!
സത്യാന്വേഷണത്തോടുള്ള തൃഷ്ണയിൽ ലോകമാകെ ചുറ്റിത്തിരിയുന്നതിനിടക്കാണ് ഗുരുദേവൻ അരുവിപ്പുറത്ത് എത്തിച്ചേരുന്നത്. അത് ഒരു വനപ്രദേശം ആയിരുന്നു. എന്നാൽ അവിടെ ഗുരുദേവന്റെ സാന്നിദ്ധ്യം അറിഞ്ഞ് ധാരാളം ആളുകൾ അങ്ങോട്ടേക്ക് എത്തിത്തുടങ്ങി. അവിടെ ഒരു ക്ഷേത്രത്തിനുള്ള ആവശ്യം ഗുരുദേവനും ശിഷ്യൻമാർക്കും വൈകാതെ ബോധ്യമായി. 1888 മാർച്ച് മാസത്തിൽ ശിവരാത്രിനാളിൽ ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ഒരു ശിവപ്രതിഷ്ഠ നടത്തി.
അരുവിപ്പുറത്ത് നെയ്യാറിനുതീരത്തെ ഗുഹയിൽ ഏറെനേരത്തെ ധ്യാനത്തിനുശേഷമാണ് അദ്ദേഹം പ്രതിഷ്ഠ നടത്തിയത്. നെയ്യാറിൽ ശങ്കരൻകുഴിയിൽനിന്ന് മുങ്ങിയെടുത്ത വലിയ കല്ലാണ് അദ്ദേഹം ശിവപ്രതിഷ്ഠയ്ക്കായി ഉപയോഗിച്ചത്. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. സവർണ്ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവൻ നടത്തിയത്.
ഈ പ്രതിഷ്ഠയെ എതിർക്കാൻ വന്ന സവർണ്ണരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ് ശ്രീനാരായണഗുരു പറഞ്ഞത്. പൌരോഹിത്യത്തെ ചട്ടമ്പിസ്വാമി സൈദ്ധാന്തികമായി നേരിട്ടപ്പോൾ അതിന് പ്രായോഗികഭാഷ്യം ചമയ്ക്കുകയായിരുന്നു അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരു. ബ്രാഹ്മണനല്ലാത്ത ഒരാൾ ദൈവപ്രതിഷ്ഠ നടത്തുന്നത് ആദ്യമായിരുന്നു. പൌരോഹിത്യത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുകയാണ് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ചെയ്തത്.
കല്ലിലോ ലോഹങ്ങളിലോ മറ്റാരെങ്കിലും നിർമിച്ച സുന്ദരശിൽപ്പങ്ങളായിരുന്നു ബ്രാഹ്മണപുരോഹിതർ അന്നുവരെ പ്രതിഷ്ഠിച്ചത്. അതിനുപകരം പ്രകൃതിതന്നെ മിനുക്കിയെടുത്ത കല്ല് പുഴയിൽനിന്ന് മുങ്ങിയെടുത്ത് പ്രതിഷ്ഠിക്കുകവഴി ആരാധനാസങ്കൽപ്പങ്ങളെ അദ്ദേഹം പൊളിച്ചെഴുതി. ശിൽപ്പിയോ പൂജാരിയോ ആവശ്യമില്ലെന്നും ആർക്കും പ്രതിഷ്ഠനടത്താം, ആരാധിക്കാം എന്ന് അദ്ദേഹം ഇതിലൂടെ പ്രഖ്യാപിച്ചു. ആദ്യമായി ഭാരതീയ തപാൽ മുദ്രണത്തിൽ പ്രത്യക്ഷപ്പെട്ട കേരളീയൻ ശ്രീനാരായണഗുരുവാണ്.രൂപാ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയ വ്യക്തിയും അദ്ദേഹമാണ്.
അരുവിപ്പുറം ക്ഷേത്രത്തെ കേന്ദ്രീകരിച്ച് അവിടത്തെ ഭക്തജനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് മുൻപേ നടന്നുവന്നിരുന്ന വാവൂട്ടുയോഗം 1899-ൽ അരുവിപ്പുറം ക്ഷേത്രയോഗം എന്നപേരിൽ പിന്നീട് പുനഃസംഘടിപ്പിക്കപ്പെട്ടു. ഇത് പിന്നീട് 1903 ജനുവരി 7-ന് നാരായണഗുരു പ്രസിഡണ്ടും കുമാരനാശാൻ ജനറൽ സെക്രട്ടറിയുമായി രൂപംകൊണ്ട ശ്രീനാരായണ ധർമപരിപാലന (എസ് എൻ ഡി പി) യോഗമായി മാറി. ഈ സംഘടനയെ മാതൃകാപരമായ ഒരു ജാതിമതാതീത സംഘടനയായി വളർത്തിക്കൊണ്ടുവരികയും സമൂഹത്തെ സർവതോമുഖമായ പുരോഗതിയിലേക്കു നയിക്കുകയും ചെയ്യുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം.
ആദ്യത്തെ ഏതാനും വർഷങ്ങളിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയി. എന്നാൽ യോഗം നേതാക്കളിൽ പലരും അവസരോചിതമായി ഉയർന്നുചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാത്തതുമൂലം യോഗവും ഗുരുവും തമ്മിലുള്ള ബന്ധത്തിൽ ക്രമേണ വിടവ് അനുഭവപ്പെട്ടു. ശിവഗിരിയിൽ ഗുരുദേവന്റെ വിശ്രമ സ്ഥലമായ വൈദിക മഠത്തിൽ 1922 നവംബർ 15 ന് വൈകിട്ട് 4 മണിക്കാണ് രവീന്ദ്രനാഥ ടാഗോർ എത്തിയത്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച വിശ്വഭാരതി സർവകലാശാലയുടെ ധനശേഖരണാർത്ഥം നടത്തിയ ഭാരത പര്യടനത്തിന്റെ ഭാഗമായിട്ടായിരുന്നു കേരള സന്ദർശനം.
തിരുവിതാംകൂർ മഹാരാജാവിന്റെ ക്ഷണപ്രകാരം തിരുവനന്തപുരത്തെത്തിയ ടാഗോറിനെ ശിവഗിരിലേക്ക് ക്ഷണിക്കുന്നത് ഡോ. പല്പു ആയിരുന്നു. ടാഗോറിനെ കണ്ട ഗുരു സംഭാഷണം സംസ്‌കൃതത്തിലാകാമെന്ന് ടാഗോറിനോട് പറഞ്ഞപ്പോൾ തനിക്ക് ബംഗാളി കലർന്ന സംസ്‌കൃതമേ അറിയൂവെന്ന് പറഞ്ഞതോടെ ദ്വിഭാഷിയായി കുമാരനാശാൻ വന്നു. ഗുരുവിന്റെ കാഴ്ചപ്പാടുകൾ ടാഗോർ ചോദിച്ചറിഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷം ടാഗോർ സന്ദർശന ഡയറിയിൽ ഇങ്ങനെ കുറിച്ചു ‘ശ്രീനാരായണ ഗുരുവിനേക്കാൾ മികച്ചതോ ഗുരുവിനു തുല്യനോ ആയ ഒരു മഹാത്മാവിനെയും ഞാനിതുവരെ കണ്ടിട്ടില്ല. ചക്രവാളസീമയ്ക്ക് അപ്പുറത്തേക്കു നീണ്ടിരിക്കുന്ന ആ യോഗനയനങ്ങളും ഈശ്വരചൈതന്യം നിറഞ്ഞ് സ്വയം പ്രകാശമാനമായ ദ്യുതിയാൽ പ്രശോഭിക്കുന്ന തിരുമുഖവും ഞാനൊരു കാലത്തും മറക്കുകയില്ല’ എന്ന് കുറിച്ചു.
‘ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു. ആ ചൈതന്യമൂർത്തി ഇന്ത്യയുടെ തെക്കേ അറ്റത്തു വിജയിച്ചരുളുന്ന ശ്രീനാരായണ ഗുരുവല്ലാതെ മറ്റാരുമല്ല’ എന്നായിരുന്നു സി.എഫ്.ആൻഡ്രൂസ് കുറിച്ചത്.1925 മാർച്ച് 12നു മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുവും ശിവഗിരിയിൽ ഗാന്ധി ആശ്രമം എന്നു പിന്നീട് അറിയപ്പെട്ട, എ.കെ.ഗോവിന്ദദാസിന്റെ കെട്ടിടത്തിൽ വെച്ച് സംഭാഷണം നടത്തി.എൻ.കുമാരനായിരുന്നു പരിഭാഷകൻ. വൈക്കം സത്യഗ്രഹം, അക്രമരാഹിത്യം, മതം, പിന്നാക്കക്കാരുടെ ഉന്നമനത്തിനുള്ള മാർഗം തുടങ്ങിയവയെപ്പറ്റിയുള്ള ചർച്ചയിൽ ഗാന്ധിജി വർണവ്യവസ്ഥയെ അനുകൂലിച്ചപ്പോൾ ഗുരു, ജാതി വ്യവസ്ഥ ഇല്ലാതാക്കണമെന്ന് വാദിച്ചു.
ശിവഗിരിയിൽ വച്ചാണ് ശ്രീനാരായണഗുരു സമാധിയായത്. അജീർണ്ണവും പ്രോസ്റ്റേറ്റ് വീക്കവുമായിരുന്നു ദേഹവിയോഗകാരണം. തന്നെ ചികിത്സിക്കാനെത്തിയ അന്നത്തെ കാലത്തെ മഹാവൈദ്യന്മാരോടും ശിഷ്യന്മാരോടും ഗുരു മുൻകൂട്ടി തന്റെ സമാധി അടുത്തു എന്നും ആശ്രമം നന്നായി നോക്കി നടത്തണം എന്നും നന്മയുള്ളവരായി എല്ലാവരും ജീവിക്കണം എന്നും അദ്ദേഹം എല്ലാവരോടും പറഞ്ഞിരുന്നു. 1928 ജനുവരി 18 ന് കോട്ടയത്തു വെച്ച് കൂടിയ എസ്.എൻ.ഡി.പി യോഗത്തിന്റെ വിശേഷാൽ പൊതുയോഗമായിരുന്നു ശ്രീനാരായണഗുരു പങ്കെടുത്ത ഏറ്റവും അവസാനത്തെ പൊതുചടങ്ങ്.
1927-ൽ അഷ്ടമുടിക്കായലിന്റെ തീരത്തുള്ള മങ്ങാട്ടുകോടിയിലും കണ്ടച്ചിറയിലും പഴവിള ചട്ടമ്പിയാശാനുമായി ചേർന്ന് പ്രകൃതി ചികിത്സ നടത്തിയിരുന്നു. ദീർഘകാലമായി വാർദ്ധക്യ സഹജമായ രോഗ ബാധിതനായി കിടപ്പിലായിരുന്ന അദ്ദേഹത്തെ പല മഹാവൈദ്യന്മാരും ചികിൽസിച്ചെങ്കിലും രോഗം പൂർണ്ണമായി ഭേദമാക്കാനായില്ല. 1928 സെപ്റ്റംബർ 20-നാണ് (മലയാളവർഷം 1104 കന്നി 5) അദ്ദേഹം ഭക്തരുടെ മുന്നിൽ ധ്യാനത്തോടെ അന്തരിച്ചത്. അദ്ദേഹത്തിന്റെ 72-ആം ജന്മദിനം കഴിഞ്ഞ് അപ്പോൾ മൂന്നാഴ്ച പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഭൗതികശരീരം ശിവഗിരി മഠവളപ്പിൽ സമാധിയിരുത്തി. ഇന്ന് അവിടെ അദ്ദേഹത്തിന്റെ പ്രതിമയോടുകൂടിയ മണ്ഡപമുണ്ട്. നിരവധി ആളുകൾ അവിടെ ദർശനത്തിനെത്തുന്നുണ്ട്. ശ്രീനാരായണ ഗുരുവിനെ കുറിച്ചാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അറിയാക്കഥകളിലൂടെ നമ്മൾ മനസ്സിലാക്കിയത്. അറിയാക്കഥകളുടെ അടുത്ത ഭാഗത്തിലൂടെ പുതിയൊരു അദ്ധ്യായവുമായി വീണ്ടും എത്താം.