രാത്രി ലൈറ്റിട്ട് ഉറങ്ങുന്നത് ടൈപ്പ് 2 പ്രമേഹമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പുറത്തു വന്ന പുതിയ പഠനത്തില്‍ പറയുന്നത്. വളരെ എളുപ്പത്തില്‍ പരിഷ്‌ക്കരിക്കാവുന്ന പാരിസ്ഥിതിക ഘടകമാണ് പ്രകാശം. അത് നമ്മുടെ ആരോഗ്യത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു. മെറ്റബോളിസം ഉള്‍പ്പെടെയുള്ള ശരീരത്തിലെ എല്ലാ മേഖലകളെയും നിയന്ത്രിക്കുന്നതിന് ശരീരത്തില്‍ ഒരു സര്‍ക്കാഡിയന്‍ റിഥം ഉണ്ട്. നമുക്കെല്ലാം അറിയാവുന്ന പോലെ ശരീരത്തിന്റെ കേന്ദ്ര സര്‍ക്കാഡിയന്‍ ക്ലോക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട സമയ സൂചകമാണ് പ്രകാശം. ഇത് ശരീരത്തിലെ എല്ലാ കോശങ്ങളുടെയും താളങ്ങളെ ഏകോപിപ്പിക്കുന്നു. എന്നാല്‍ രാത്രിയില്‍ പ്രകാശം ഏല്‍ക്കുന്നതിലൂടെ ഈ സര്‍ക്കാഡിയന്‍ റിഥം തടസ്സപ്പെടുത്തുകയും ഉപാപചയ പ്രവര്‍ത്തന വൈകല്യത്തിന് കാരണമാകുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹ സാധ്യതയും വര്‍ധിപ്പിക്കുമെന്ന് ഓസ്ട്രേലിയയിലെ ഫ്‌ലിന്‍ഡേഴ്സ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. 85,000 പേരാണ് പഠനത്തില്‍ പങ്കെടുത്തത്. ഒന്‍പതു വര്‍ഷം നടത്തിയ പഠനത്തില്‍ രാത്രി 12.30 മുതല്‍ രാവിലെ ആറ് മണി വരെ ലൈറ്റിന്റെ വെളിച്ചത്തില്‍ കിടന്നുറങ്ങിയവര്‍ക്ക് ടൈപ്പ് 2 പ്രമേഹം സാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തി. രാത്രിയില്‍ ലൈറ്റ് എക്‌സ്‌പോഷന്‍ കുറയ്ക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണെന്നും ദി ലാന്‍സെറ്റ് റീജിണല്‍ ഹെല്‍ത്ത്- യൂറോപ്പ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.