ഉറക്കം കിട്ടാനും ഉത്കണ്ഠ കുറയ്ക്കാനും കഴിക്കുന്ന മരുന്നുകള്‍ പിന്നീട് മാരകമായ ന്യൂറോളജിക്കല്‍ രോഗങ്ങള്‍ക്ക് കാരണമാകാമെന്ന് സ്വീഡിഷ് ഗവേഷകരുടെ പഠനം. ജെഎഎംഎ ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, ആന്റിഡിപ്രസന്റുകള്‍, ഉത്കണ്ഠാ വിരുദ്ധ ഗുളികകള്‍, ഉറക്ക ഗുളികകള്‍ തുടങ്ങിയ സാധാരണ മാനസികരോഗ മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗവും അപൂര്‍വവും മാരകവുമായ ന്യൂറോളജിക്കല്‍ രോഗമായ അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ലൂ ഗെഹ്രിഗ്‌സ് രോഗം എന്നും ഇതിനെ അറിയപ്പെടുന്നു. ആളുകള്‍ക്ക് നടക്കാനും സംസാരിക്കാനും ഭക്ഷണം വിഴുങ്ങാനും ഒടുവില്‍ ശ്വസിക്കാനുമുള്ള കഴിവ് കാലക്രമേണ നഷ്ടപ്പെടുന്നതാണ് ഈ അവസ്ഥ. ആയിരത്തിലധികം എഎല്‍എസ് രോഗികളെ വിലയിരുത്തിയതില്‍ നിന്നും നിയന്ത്രണ ഏജന്‍സികളില്‍ നിന്നുള്ള ഡാറ്റകള്‍ പ്രകാരവും പതിവായി മനോരോഗ മരുന്നുകള്‍ ഉപയോഗിച്ചിരുന്നവര്‍ക്ക് പിന്നീട് ജീവിതത്തില്‍ എഎല്‍എസ് രോഗനിര്‍ണയം നടത്താനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തി. മാത്രമല്ല, ഇവരില്‍ രോഗത്തിന്റെ പുരോഗതി വളരെ വേഗത്തിലായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു. ജീവിതശൈലിയും ജനിതകവും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും എഎല്‍എസ് രോഗത്തിനും പ്രധാന ഘടകങ്ങളാണ്. 65 വയസിന് താഴെ ഉള്ളവരിലാണ് ഈ ശക്തമെന്നും പഠനത്തില്‍ പറയുന്നു. എന്നാല്‍ മനോരോഗ മരുന്നുകള്‍ കാരണമാണ് എഎല്‍എസ് ഉണ്ടാകുന്നതെന്നതില്‍ പഠനം വ്യക്തത നല്‍കുന്നില്ല. മാത്രമല്ല, ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ തുടങ്ങിയവ എഎല്‍എസിന്റെ ആദ്യകാല ലക്ഷണങ്ങള്‍ ആണോ എന്നതിലും വിശാലമായ പഠനം ആവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു.