ശാരീരിക-മാനസിക ക്ഷേമം മെച്ചപ്പെടുന്നതിന് ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയ നിരവധി രോഗാവസ്ഥകള്‍ ഒഴിവാക്കാനും ഗുണനിലവാരമുള്ള ഉറക്കം ആവശ്യമാണ്. കൂടാതെ നന്നായി ഉറങ്ങുന്നത് മുടി കൊഴിച്ചില്‍ തടയാനും സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. തലയോട്ടിയിലുള്ള ഓരോ ഫോളിക്കിളും അനേകം തവണ മാറ്റങ്ങള്‍ക്ക് വിധേയമായാണ് ഓരോ മുടിയിഴയുമുണ്ടാകുന്നത്. ഹെയര്‍ ഫോളിക്കിളുകള്‍ കാര്യക്ഷമമാവണമെങ്കില്‍ അവയ്ക്കാവശ്യമാണ് പോഷകങ്ങളും വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യവും ഉണ്ടാകണം. മതിയായ ഉറക്കം കിട്ടിയില്ലെങ്കില്‍ സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയാകും. മാനസിക പിരിമുറുക്കവും സമ്മര്‍ദവുമുള്ളവരില്‍ മുടി ധാരാളമായി കൊഴിയുന്നത് ശ്രദ്ധിച്ചിട്ടില്ലേ? മാനസിക പിരിമുറുക്കം അനിയന്ത്രിതമായാല്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും. മുടിവളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഹോര്‍മോണുകളില്‍ പ്രധാനിയാണിത്. കോര്‍ട്ടിസോള്‍ ഹെയര്‍ ഫോളിക്കുകളെ അതിന്റെ റെസ്റ്റിങ് ഫേസിന് സഹായിക്കും. അതായത്, മുടി വളരുന്നതിനേക്കാള്‍ മുടി കൊഴിച്ചു കളയുന്നതിനായിരിക്കും ഫോളിക്കുകള്‍ക്ക് ഈ സാഹചര്യത്തില്‍ കൂടുതല്‍ ‘താല്പര്യം’. ഉറക്കമില്ലായ്മ രക്തയോട്ടത്തെയും ബാധിക്കുന്നുണ്ട് എന്നതിനാല്‍ ആവശ്യത്തിന് ഓക്സിജന്‍ ഹെയര്‍ ഫോളിക്കുകളിലെത്താത്തതും മുടി വളരാത്തതിന് കാരണമാകും.