ഇന്ത്യയിലെ ആദ്യ സ്പേസ്-ടെക് യൂണികോണ്‍ കമ്പനിയായി ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ ബഹിരാകാശ സ്റ്റാര്‍ട്ട്അപ്പ് സ്‌കൈറൂട്ട് എയറോസ്പേസ്. പുതിയ ഫണ്ടിങ് റൗണ്ടില്‍ ഏകദേശം 570 കോടി രൂപ സമാഹരിച്ചതോടെയാണ് കമ്പനിയുടെ മൂല്യം 1.1 ബില്യണ്‍ ഡോളറിലെത്തിയത്. ഇതോടെ, ജസ്പേ, നെയ്‌സ, ക്രെഡിറ്റ്ബീ എന്നിവയ്ക്ക് ശേഷം ഈ വര്‍ഷം യൂണികോണായി മാറുന്ന നാലാമത്തെ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായി സ്‌കൈറൂട്ട്. നിലവില്‍ ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റായ വിക്രം 1 ന്റെ വിക്ഷേപണത്തിന് ഒരുങ്ങുകയാണ് സ്‌കൈറൂട്ട്. മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരായ പവന്‍ കുമാര്‍ ചന്ദന, നാഗ ഭാരത് ധാക്ക എന്നിവര്‍ ചേര്‍ന്നാണ് സ്‌കൈറൂട്ട് സ്ഥാപിച്ചത്. ചെറിയ ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്കായി വിക്രം സീരീസിലുള്ള റോക്കറ്റുകള്‍ വികസിപ്പിക്കുകയാണ് കമ്പനി ലക്ഷ്യം. 2022-ല്‍ വിക്രം-എസ് ദൗത്യത്തിലൂടെ സ്വകാര്യമായി നിര്‍മിച്ച ഇന്ത്യന്‍ റോക്കറ്റ് ബഹിരാകാശത്തെത്തിച്ച ആദ്യ കമ്പനിയെന്ന നേട്ടവും സ്‌കൈറൂട്ട് സ്വന്തമാക്കിയിരുന്നു.
