ഹൃദയങ്ങൾ കീഴടക്കിയ സ്വരമാധുരിക്ക് വിട. വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു.മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഉച്ചക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകിട്ട് 7.30 ഓടെ മരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാട്ട് പാടിയ അപൂർവ ഗായികയാണ് ജാനകി. 17 ഭാഷകളിൽ ജാനകി പാടിയിട്ടുണ്ട്. ആന്ധ്രപ്രദേശ് സ്വദേശിയാണ് ഇവർ. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് 4 തവണ അവർക്ക് ലഭിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങളും ഇവരെ തേടിയെത്തി. 2013-ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് അവർ അത് നിരസിച്ചു.
1938-ൽ ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലായിരുന്നു ജാനകിയുടെ ജനനം. മൂന്നാം വയസിൽതന്നെ അവർ സംഗീതത്തോട് ആഭിമുഖ്യ പ്രകടിപ്പിച്ചുതുടങ്ങി. ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ് ജാനകി ശ്രദ്ധേയയായത്. വൈകാതെ മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു. 1957ൽ വിധിയിൻ വിളയാട്ട് എന്ന തമിഴ് സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ജാനകിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
