ബെംഗളൂരു ആസ്ഥാനമായ സിംപിള്‍ എനര്‍ജി കമ്പനിയുടെ അഭിമാന മോഡലായ സിംപിള്‍ വണ്‍ നിരത്തിലെത്തി. ആദ്യഘട്ടത്തില്‍ ബെംഗളൂരുവില്‍ മാത്രമേ ലഭ്യമാകൂ. 212 കിമീ ആണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. രണ്ടു ബാറ്ററിയുള്ള മോഡലിന് ബെംഗളൂരുവിലെ വില 1.58 ലക്ഷം രൂപയാണ് (750 വാട്ട് ചാര്‍ജര്‍ കൂടെ ലഭിക്കും). ഇന്ത്യയുടെ ഏറ്റവും റേഞ്ച് കൂടിയ സ്കൂട്ടര്‍ മോഡല്‍ നിരയിലേക്കാണ് ഒരു ഇന്ത്യന്‍ നിര്‍മിത സ്കൂട്ടര്‍ എന്ന നിലയില്‍ സിംപിള്‍ വണ്‍ എത്തിയിരിക്കുന്നത്. നിലവിലെ ഇലക്ട്രിക് സ്കൂട്ടറുകളില്‍ ഏറ്റവും കുതിപ്പുള്ള മോഡലും സിംപിള്‍ വണ്‍ ആണെന്നു കമ്പനി അവകാശപ്പെടുന്നു. 212 കിമീ റേഞ്ചില്‍ മണിക്കൂറില്‍ 105 കിമീ കൂടിയ വേഗം കൈവരിക്കാന്‍ ഇതിന് കഴിയും. 0-40 കിമീ വേഗം കൈവരിക്കാന്‍ 2.77 സെക്കന്‍ഡുകള്‍ മതി സിംപിള്‍ വണ്ണിന്. ഇക്കോ, റൈഡ്,ഡാഷ്, സോണിക് എന്നിങ്ങനെ നാലു റൈഡിങ് മോഡുകളുണ്ട്. 8.5 കിലോവാട്ടില്‍ 11.4 ബിഎച്പി കരുത്തും 72 എന്‍എം ടോര്‍ക്കും സിംപിള്‍ വണ്‍ സ്കൂട്ടറുകള് ഉല്പാദിപ്പിക്കും. സ്കൂട്ടറിനും മോട്ടറിനും ബാറ്ററിക്കും 3 വര്‍ഷം അല്ലെങ്കില്‍ 30,000 കിമീ ആണ് വാറന്റി. ചാര്‍ജറിന് 1 വര്‍ഷം അല്ലെങ്കില്‍ 10,000 കിമീ. പൊടിയോ വെള്ളമോ മോട്ടറിനെ തൊടുകയില്ല. 300 മിമീ ആഴമുള്ള വെള്ളക്കെട്ടിലൂടെ സിംപിള്‍ വണ്ണിനു പോകാന്‍ കഴിയും. 50.47 വോള്‍ട്ടിന്റെ ലിഥിയം അയോണ്‍ ബാറ്ററി.