പ്രതികൂല സാഹചര്യങ്ങളില്‍ ആത്മനിയന്ത്രണത്തോടെ പ്രതികരിക്കാന്‍ നമുക്കും ശീലിക്കാം
ആ പറമ്പില്‍ ഒരു കഴുതയെ കെട്ടിയിട്ടിരുന്നു. വികൃതിയായ ഒരു ബാലന്‍ ആ കഴുതയെ അഴിച്ചുവിട്ടു. കഴുത സമീപത്തെ കൃഷിയിടത്തില്‍ കയറി വിളവുമുഴുവന്‍ നശിപ്പിച്ചു. ഓടിയെത്തിയ കൃഷിക്കാരന്റെ ഭാര്യ കഴുതയെ ഓടിക്കാനായി അതിനെ തലങ്ങും വിലങ്ങും അടിച്ചു. അടികൊണ്ട് കഴുത ചത്തു. ഇതുകണ്ടുവന്ന കഴുതയുടെ ഉടമ ആ സ്ത്രീയെ അടിച്ചു. അവര്‍ ബോധരഹിതയായി വീണു. ഇതുകണ്ട കൃഷിക്കാരന്‍ അരിവാളുകൊണ്ട് കഴുതയുടെ ഉടമയെ വെട്ടി. തുടര്‍ന്ന് അയാളുടെ മക്കള്‍ കൃഷിക്കാരന്റെ വീടിന് തീയിട്ടു. സംഭവങ്ങള്‍ ഇങ്ങനെ കുറെ നീണ്ടുപോയെങ്കിലും കുറെ കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ ശാന്തമായി. അപ്പോള്‍ കര്‍ഷകന്‍ ആ ബാലനോട് ചോദിച്ചു: നീയെന്തിനാണ് ആ കഴുതയെ അഴിച്ചുവിട്ടത്. അതല്ലേ ഈ പ്രശ്നമെല്ലാം ഉണ്ടായത്. അപ്പോള്‍ അവന്‍ പറഞ്ഞു: കഴുതയുടെ കെട്ടഴിഞ്ഞുപോയതല്ല, നിങ്ങളുടെ ഉള്ളിലെ പകയും വിദ്വേഷവും കെട്ടഴിഞ്ഞതാണ് ഈ ദുരന്തങ്ങളുടെ കാരണം. ഒരാള്‍ എന്തിന് പ്രകോപിതനാകുന്നു എന്നു കണ്ടെത്തിയാല്‍ അയാളുടെ ദൗര്‍ബല്യം എന്തെന്ന് മനസ്സിലാകും. ആര്‍ക്കും ആരേയും പുറമെനിന്നു പ്രകോപിപ്പിക്കാനാകില്ല. നിന്റെ വാക്കാണ് എന്നെ ദേഷ്യപ്പെടുത്തിയത്, നിന്റെ നോട്ടമാണ് എല്ലാത്തിനും കാരണം എന്നൊക്കെ സ്വയം രക്ഷപ്പെടുന്നതിന് ഉള്ള മുഖംമൂടികള്‍ മാത്രമാണ്. സംഭവിക്കുന്ന നന്മകളുടെയെല്ലാം ഉടമസ്ഥാവകാശം കൈക്കലാക്കുകയും വന്നുപോകുന്ന തെറ്റുകളെല്ലാം അപരന്റെ തലയില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതു സ്വയം നിഷ്‌കളങ്കനായി ചിത്രീകരിക്കാനുള്ള കപടതന്ത്രമാണ്. അനുകൂല വര്‍ത്തമാനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നടുവില്‍ ദിവ്യനായി ജീവിക്കാന്‍ ആര്‍ക്കും കഴിയും. മറിച്ച് പ്രതികൂലിക്കുകയും അവഹേളിക്കുകയും ചെയ്യുന്നവര്‍ക്ക് മുന്നില്‍ ആത്മനിയന്ത്രണം നഷ്ടപ്പെടാതെ നിലനില്‍ക്കാന്‍ സാധിക്കുന്നതിലാണ് സ്വഭാവവൈശഷ്ട്യം വെളിപ്പെടുന്നത്. നമുക്കും പ്രതികൂല സാഹചര്യങ്ങളില്‍ ആത്മനിയന്ത്രണത്തോടെ പ്രതികരിക്കാന്‍ ശീലിക്കാം – ശുഭദിനം.