ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന ഏറ്റവും പ്രധാനമായ വ്രതാനുഷ്ഠാനമാണ് ശിവരാത്രി വ്രതം….!!!!
ഉറക്കമിളച്ചു അനുഷ്ഠിക്കേണ്ട വ്രതം എന്ന പ്രത്യേകതയും ഉണ്ട്. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വർഷത്തിലൊരിക്കൽ മാത്രമാണ്. സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് വിശ്വാസം. ദമ്പതികൾ ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം എന്നും പറയപ്പെടുന്നു.
കുംഭമാസത്തിലെ കൃഷ്ണചതുർദ്ദശി തിഥിയിലാണ് ഈ വ്രതാനുഷ്ഠാനം. ശിവരാത്രിയുടെ തലേന്ന് പ്രദോഷവും വരുന്നു. അതായത് ശിവ പ്രീതികരമായ പ്രദോഷവും ശിവരാത്രിയും ഒരുമിച്ചു അനുഷ്ഠിക്കാവുന്ന ദിനങ്ങൾ.പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർഥം ശ്രീ പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീ ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു ഭഗവാൻ വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാർവതീ ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി.
പ്രദോഷദിനത്തിൽ ഒരിക്കലോടെ വ്രതം ആരംഭിക്കാം. തലേന്ന് വൈകുന്നേരം അരിയാഹാരം പാടില്ല. ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി ശിവക്ഷേത്ര ദർശനം നടത്തുക. ശിവരാത്രി ദിനത്തിൽ പൂർണ ഉപവാസമാണ് അഭികാമ്യം. അതിനു സാധിക്കാത്തവർ ക്ഷേത്രത്തിൽ നിന്നുളള നേദ്യമോ കരിക്കിൻ വെളളമോ പഴമോ കഴിക്കാവുന്നതാണ്. ആരോഗ്യ സ്ഥിതി അനുസരിച്ചു ആഹാരം ഉപേക്ഷിക്കാൻ സാധിക്കാത്തവർ ഒരിക്കലോടെ വ്രതം അനുഷ്ഠിക്കാം.
അമിത ഭക്ഷണം ആവരുത്. ഉച്ചയ്ക്ക് ക്ഷേത്രത്തിൽ നിന്ന് നേദിച്ച വെള്ള നിവേദ്യം കഴിച്ചും വ്രതം അനുഷ്ഠിക്കാം. അന്നേദിവസം ശിവപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ് . അതിൽ ഏറ്റവും പ്രധാനമാണ് ദാനം. ഭഗവാന്റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും പരിപാലിക്കുന്നതും ശിവപ്രീതികരമാണ്. അന്നേ ദിവസം ബലിതർപ്പണം നടത്തിയാൽ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുമെന്ന് പറയപ്പെടുന്നു.