രണ്ടാം ലോക മഹായുദ്ധകാലത്ത് 1942 ജൂലൈ ഒന്നിന് യുഎസ് സൈന്യം മുക്കിയ ജാപ്പനീസ് യാത്രാകപ്പലായ മോണ്ടെവീഡിയോ മാറുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഫിലിപ്പീന്‍സിന് സമീപത്ത് കടലില്‍ നാല് കിലോമീറ്റര്‍ ആഴത്തിലാണ് 81 വര്‍ഷങ്ങള്‍ക്കു ശേഷം കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജാപ്പനീസ് കപ്പലില്‍ ആയിരത്തോളം ഓസ്ട്രേലിയന്‍ യുദ്ധത്തടവുകാരാണ് ഉണ്ടായിരുന്നത്. അക്കാര്യം അറിയാതെയാണ് യുഎസ് സൈന്യം ടോര്‍പ്പിഡോ ഉപയോഗിച്ച് കപ്പല്‍ മുക്കിയത്. ജപ്പാന്റെ പിടിയിലായ 850 സൈനീകരടക്കം 979 ഓസ്ട്രേലിയന്‍ പൗരന്മാരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. ഫിലിപ്പൈന്‍സിലെ പ്രധാന ദ്വീപായ ലുസോണിന്റെ വടക്കുപടിഞ്ഞാറ് ദക്ഷിണ ചൈനാ കടലിലാണു കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്കായി തെരച്ചില്‍ നടത്തിയത്. ഹൈടെക് ഉപകരണങ്ങള്‍ ഉപയോഗിച്ച് വെറും 12 ദിവസത്തിനുള്ളില്‍ അവശിഷ്ടം കണ്ടെത്താന്‍ കഴിഞ്ഞു. ടൈറ്റാനിക്കിനേക്കാള്‍ ആഴത്തിലായിരുന്ന അവശിഷ്ടങ്ങള്‍ക്കു വലിയ കേടുപാടില്ല. പര്യവേക്ഷണ സംഘത്തിലുണ്ടായിരുന്ന ആന്‍ഡ്രിയ വില്യംസിന്റെ മുത്തച്ഛന്‍ ഈ കപ്പലിലെ തടവുകാരില്‍ ഒരാളായിരുന്നു. യുദ്ധക്കെടുതിയുടെ ഓര്‍മയും സ്മാരകവുമാണ് ഈ കപ്പല്‍ചേതം.