ഷവര്‍മ വില്പനയ്ക്കു ലൈസന്‍സ് നിര്‍ബന്ധമാക്കി. ലൈസന്‍സില്ലാതെ കച്ചവടം നടത്തിയാല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയോ ആറു മാസം വരെ തടവോ ശിക്ഷ ലഭിക്കും. വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്യരുതെന്നും ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ബ്രെഡ് / കുബ്ബൂസ് / ഇറച്ചി എന്നിവയ്ക്ക് വാങ്ങിയ തീയതി അടക്കം രേഖപ്പെടുത്തിയ ലേബല്‍ വേണം. ചിക്കന്‍ 15 മിനിറ്റും ബീഫ് 30 മിനിറ്റും തുടര്‍ച്ചയായി വേവിക്കണം. അരിയുന്ന ഇറച്ചി വീണ്ടും വേവിച്ചെന്ന് ഉറപ്പാക്കണം. മയനൈസ് രണ്ടു മണിക്കൂറിലധികം പുറത്തു സൂക്ഷിക്കരുത്.
ബിജെപി സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളില്‍ വികസനത്തിന് ഇരട്ടക്കുതിപ്പാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലും ഇതു വേണ്ടതാണ്. നെടുമ്പാശേരിയില്‍ ബിജെപി നേതൃയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ ഇരട്ട എന്‍ജിനുള്ള സര്‍ക്കാരാണ്. കോവിഡ് കാലത്ത് കേരളത്തിലെ ഒന്നര കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്കി. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം കേരളത്തില്‍ രണ്ടു ലക്ഷം കുടുംബങ്ങള്‍ക്കു വീടു നല്കി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്പോലെ മത്സ്യത്തൊഴിലാളി മേഖലയിലും പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഗതാഗതകുരുക്കിനു പരിഹാരം കാണാന്‍ കേന്ദ്ര സഹായം വേണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചി മെട്രോയുടെ സര്‍വീസ് നീട്ടല്‍ അടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടന വേദിയിലാണ് സഹായാഭ്യര്‍ത്ഥന. കെ റെയിലിനെ പരാമര്‍ശിക്കാതെയായിരുന്നു ചടങ്ങില്‍ അധ്യക്ഷനായിരുന്ന മുഖ്യമന്ത്രി സഹായം അഭ്യര്‍ഥിച്ചത്.
തനി മലയാളി സ്റ്റൈലില്‍ കസവുമുണ്ടും നേര്യതും ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയത്. പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്യാന്‍ പെരുമഴയത്തും നൂറുകണക്കിന് ആളുകളാണ് വഴിയരികില്‍ കാത്തുനിന്നത്. ഓണക്കാലത്ത് കേരളത്തിലെത്താനായതു ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഓണാശംസകള്‍ നേരുകയും ചെയ്തു. പ്രധാനമന്ത്രി മോദി ഇന്നു രാവിലെ 9.30 ന് കൊച്ചി ഷിപ്യാര്ഡില് ഐഎന്‍എസ് വിക്രാന്ത് വ്യോമസേനയ്ക്ക് കൈമാറും. 20,000 കോടിരൂപ ചെലവഴിച്ച് തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പലാണിത്.
കുറുപ്പന്തറ- ചിങ്ങവനം രണ്ടാം റെയില്‍പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കായംകുളം- എറണാകുളം എക്സ്പ്രസിന്റെ പ്രതിദിന സര്‍വീസും ഉദ്ഘാടനം ചെയ്തു. എറണാകുളത്തുനിന്ന് രാവിലെ 8.45 നു പുറപ്പെടുന്ന ട്രെയിന്‍ 11.40 ന് കായംകുളത്തെത്തും. ഉച്ചകഴിഞ്ഞു മൂന്നിനു കായംകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ 5.50 ന് എറണാകുളത്ത് എത്തും. കൊച്ചി മെട്രോയുടെ എസ്എന്‍ ജംഗ്ഷന് മുതല്‍ വടക്കേകോട്ട വരെയുള്ള സര്‍വീസിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
വിഴിഞ്ഞം തുറമുഖ നിര്‍മാണം തടസപ്പെടുത്തിയിട്ടില്ലെന്നും മൂന്നു മാസമായി ഒരു നിര്‍മാണപ്രവര്‍ത്തനവും നടക്കുന്നില്ലെന്നും സമരസമിതി. അദാനി ഗ്രൂപ്പ് കോടതിയെ തെറ്റിദ്ധരിപ്പിച്ചു. തങ്ങള്‍ സമരവുമായി മുന്നോട്ടുപോകുമെന്നും സമരസമിതി കണ്‍വീനര്‍, രൂപതാ വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേരെ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഗൂഢാലോചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. യുഡിഎഫ് അതിനൊപ്പം ചേരുകയാണ്. സമരത്തോടു സിപിഎമ്മിന് യോജിപ്പില്ല. ഇക്കാര്യം നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആയിരക്കണക്കിനു യുവാക്കള്‍ക്കു തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണിതെന്നും ഗോവിന്ദന് പറഞ്ഞു.