എൻ എസ് എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയഭാവി തീർന്നെന്ന് വെള്ളാപ്പള്ളി നടേശൻ.എൻഎസ്എസിലെ അംഗങ്ങൾ മാത്രം വോട്ട് ചെയ്താൽ ശശി തരൂർ ജയിക്കില്ലെന്നും അതുകൊണ്ടാണ് സംഘടനയുടെ പിന്തുണ കൊണ്ട് തരൂരിന്റെ രാഷ്ട്രീയ ഭാവി തീർന്നു എന്ന് പറഞ്ഞത് എന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ദില്ലി നായരായിരുന്ന ആൾ ചങ്ങനാശേരിയിൽ എത്തിയപ്പോൾ തറവാടി നായരായെന്നും തറവാടി നായർ എന്നൊക്കെ പരസ്യമായി പറയുന്നത് ശരിയാണോ എന്നും വെള്ളാപ്പള്ളി വിമർശിച്ചു.താനാണ് സമുദായത്തിന്റെ പേര് പറഞ്ഞ് ഇത്തരം പ്രസ്താവനകൾ നടത്തിയിരുന്നതെങ്കിൽ തന്നെ ഇപ്പോൾ ആക്രമിച്ചേനെയെന്നും എസ് എൻ ഡി പി ക്കുള്ളിൽ നിന്ന് തന്നെ വിമർശനം നേരിടേണ്ടി വന്നേനെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
എന്നാൽ തറവാടി നായർ പ്രയോഗത്തിൽ ഒരു കോൺഗ്രസ് നേതാവും പ്രതികരിച്ചതായി കണ്ടില്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു
എസ്എൻഡിപിയുടെ ചേർത്തലയിലെ പരിപാടിയിലായിരുന്നു എൻഎസ്എസിനെതിരെ വെള്ളാപ്പള്ളിയുടെ രൂക്ഷ വിമർശനം.
ശശി തരൂർ എംപി ഡൽഹി നായരല്ല, കേരളപുത്രനും വിശ്വപൗരനമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞിരുന്നു. തരൂർ ആദ്യം തിരുവനന്തപുരം ലോക്സഭാ സീറ്റിലേക്കു മത്സരിക്കാൻ എത്തിയപ്പോഴാണ് സുകുമാരൻ നായർ ഇങ്ങനെ പറഞ്ഞതെന്നും ആ തെറ്റു തിരുത്താനാണ് അദ്ദേഹത്തെ മന്നം ജയന്തി ഉദ്ഘാടനത്തിനു പെരുന്നയിലേക്കു ക്ഷണിച്ചതെന്നും സമ്മേളനത്തിലെ സ്വാഗത പ്രസംഗത്തിൽ സുകുമാരൻ നായർ പറഞ്ഞിരുന്നു.