ഉപഭോക്കാക്കള്‍ക്ക് യുപിഐ മുഖാന്തരം ഓഹരി വിപണികളിലും ഇടപാടുകള്‍ നടത്താനുള്ള അവസരമൊരുക്കി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. പുതുവര്‍ഷം മുതലാണ് യുപിഐ സംവിധാനം ഉപയോഗിച്ച് ഓഹരികള്‍ വാങ്ങാനുള്ള അവസരം ലഭ്യമാക്കിയിരിക്കുന്നത്. എന്‍പിസിഐയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇക്വിറ്റി ക്യാഷ് സെഗ്മെന്റില്‍ അടുത്തയാഴ്ച മുതല്‍ ട്രയല്‍ വേര്‍ഷന്‍ ലഭ്യമായി തുടങ്ങും. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത ചുരുക്കം ചില ഇടപാടുകാര്‍ക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുകയുള്ളൂ. ഓഹരി വിപണിയില്‍ മള്‍ട്ടിപ്പിള്‍ ഡെബിറ്റ് ഇടപാടുകള്‍ നടത്തുന്നതിന് നിക്ഷേപ തുക അക്കൗണ്ടില്‍ ബ്ലോക്ക് ചെയ്ത് കൊണ്ടാണ് ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യം നടപ്പാക്കുന്നത്. ക്ലിയറിംഗ് കോര്‍പ്പറേഷന്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, ഡെപ്പോസിറ്ററീസ്, സ്റ്റോക്ക് ബ്രോക്കര്‍മാര്‍, യുപിഐ ആപ്പ് പ്രൊവൈഡര്‍മാര്‍ എന്നിവരുടെ പിന്തുണയോടെയാണ് ഇവ പ്രവര്‍ത്തിക്കുക. പരീക്ഷണഘട്ടത്തില്‍ നിക്ഷേപകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ പണം ലോക്ക് ചെയ്ത് വയ്ക്കാവുന്നതാണ്. ക്ലിയറിംഗ് കോര്‍പ്പറേഷനില്‍ നിന്നും സെറ്റില്‍മെന്റ് സമയത്ത് ട്രേഡ് കണ്‍ഫര്‍മേഷന്‍ ലഭിച്ചതിനുശേഷം പണം ഡെബിറ്റ് ചെയ്യാനാകും. നിലവില്‍, ബ്രോക്കിംഗ് ആപ്പായ ഗ്രോയിലും, എന്‍പിസിഐയുടെ ഭീം ആപ്പ്, യെസ് പേ നെക്സ്റ്റ് എന്നീ ആപ്പുകളിലും മാത്രമായിരിക്കും ഈ സേവനം ലഭിക്കുകയുള്ളൂ.