മെഴ്‌സിഡീസ് ബെന്‍സിന്റെ അത്യാഡംബര എസ്‌യുവി ജിഎല്‍എസ് 600 സ്വന്തമാക്കി ഷെയ്ന്‍ നിഗം. ബ്രിജ്വേ മോട്ടോഴ്‌സില്‍ നിന്നാണ് ഏകദേശം 3.80 കോടി രൂപ ഓണ്‍റോഡ് വില വരുന്ന വാഹനം താരം സ്വന്തമാക്കിയത്. കുടുംബത്തോടൊപ്പമെത്തി പുതിയ വാഹനത്തിന്റെ താക്കോല്‍ സ്വീകരിക്കുന്ന വിഡിയോയും ബ്രിജ്വേ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. 2022 ജൂണിലാണ് മെയ്ബയുടെ ആദ്യ എസ്യുവി ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ജിഎല്‍എസില്‍ നിരവധി ആഡംബര ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത വാഹനമാണ് മെയ്ബ ജിഎല്‍എസ് 600. എസ് ക്ലാസിന് ശേഷം ഇന്ത്യന്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ മെയ്ബ വാഹനമാണ് ജിഎല്‍എസ്. 43.5 ഡിഗ്രിവരെ റിക്ലൈന്‍ ചെയ്യാവുന്ന സീറ്റുകള്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്നതും മെമ്മറിയുള്ളതുമാണ്. നാലു സോണായി തിരിച്ചിട്ടുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, വെന്റിലേറ്റഡ് മുന്‍പിന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ബര്‍മെസ്റ്റര്‍ 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകളുണ്ട്. കൂടാതെ സൂരക്ഷയ്ക്കായി എട്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ലൈന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്റ് സ്‌പോട്ട് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, സ്റ്റിയറിങ് അസിസ്റ്റ്, ടയര്‍ പ്രെഷര്‍ മോണിറ്റര്‍ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. കൂടാതെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പേഴ്‌സണലൈസേഷനും ചെയ്യാന്‍ സാധിക്കും. നാലു ലീറ്റര്‍ ട്വീന്‍ ടര്‍ബോ വി 8 എന്‍ജിനും 48 വാട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എന്‍ജിനില്‍നിന്ന് 557 എച്ച്പി കരുത്തും 730 എന്‍എം ടോര്‍ക്കും ലഭിക്കുമ്പോള്‍ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോര്‍ക്ക് 250 എന്‍എം എന്നിങ്ങനെയാണ്. വാഹനത്തില്‍ ഒന്‍പത് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണുള്ളത്.