ബോക്സ് ഓഫീസിലും കിംഗ് ആണെന്ന് തെളിയിച്ച് ഷാരൂഖ് ഖാന്‍. ‘പഠാന്‍’ എന്ന സൂപ്പര്‍ ഹിറ്റിന് പിന്നാലെ ‘ജവാന്‍’ സിനിമയും 1000 കോടി ക്ലബ്ബില്‍ കയറി. 1004.92 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍. നിര്‍മാതാക്കളായ റെഡ് ചില്ലീസ് തന്നെയാണ് ഔദ്യോഗിക കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതോടെ ആയിരം കോടി ക്ലബ്ലില്‍ ഇടം നേടിയ സിനിമയുള്ള ഏക തമിഴ് സംവിധായകനായി അറ്റ്‌ലിയും മാറി. ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം നേടിയത് 500 കോടിയാണ്. കേരളത്തിലും തമിഴ്നാട്ടിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 1050.30 കോടിയാണ് പഠാന്‍ ആഗോളതലത്തില്‍ നേടിയത്. 27 ദിവസം കൊണ്ടായിരുന്നു പഠാന്‍ ആയിരം കോടിയിലേക്ക് എത്തിയത്. എന്നാല്‍ വെറും 18 ദിവസം കൊണ്ടാണ് ജവാന്‍ ആയിരം കോടി ക്ലബ്ബില്‍ കയറിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആറാമത്തെ ചിത്രമാണ് ജവാന്‍. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആമിര്‍ ഖാന്‍ നായകനായ ബയോഗ്രഫിക്കല്‍ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം ദംഗല്‍ തുടങ്ങിവച്ച ക്ലബ്ബ് ആണിത്. തൊട്ടടുത്ത വര്‍ഷം രാജമൌലിയുടെ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ബാഹുബലി 2 ഉും 1000 കോടി ക്ലബ്ബില്‍ എത്തി. 2022 ല്‍ രണ്ട് തെന്നിന്ത്യന്‍ ചിത്രങ്ങള്‍. രാജമൌലിയുടെ തന്നെ ആര്‍ആര്‍ആറും പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് യഷ് നായകനായ കെജിഎഫ് 2 ഉും. പിന്നീട് ഈ വര്‍ഷം രണ്ട് ഷാരൂഖ് ഖാന്‍ ചിത്രങ്ങളും. ജനുവരിയിലെത്തിയ പഠാനും ഈ മാസം എത്തിയ ജവാനും. ബോളിവുഡില്‍ നിന്നും തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും മൂന്ന് ചിത്രങ്ങള്‍ വീതമാണ് നിലവില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നത്.