കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി. നേപ്പാൾ സുപ്രീംകോടതിയുടെ നിർദേശ പ്രകാരമാണ് മോചനം. 2003 മുതൽ കാഠ്മണ്ഡുലിലെ ജയിലിൽ തടവിൽ കഴിയുകയായിരുന്നു. 1972നും 1976നും ഇടയിൽ 24 ഓളം കൊലപാതകങ്ങൾ ചാൾസ് നടത്തി. കൊലപ്പെടുത്താൻ ഉദ്ദേശിക്കുന്നവരുമായി സൗഹൃദം ഉണ്ടാക്കുകയും പിന്നീട് അവരെ കൊലപ്പെടുത്തി പണവും പാസ്പോർട്ടും കൈവശപ്പെടുത്തുകയും പിന്നീട് ഈ പാസ്പോർട്ടുമായി യാത്ര ചെയ്യുന്നതുമായിരുന്നു ചാൾസിന്റെ രീതി.
നിരവധി ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്ന ചാൾസ് രത്നവ്യാപാരിയായും മയക്കുമരുന്ന് ഡീലറായും കള്ളക്കടത്തുകാരനായും ഒക്കെ വേഷം മാറി.1976ലാണ് ചാൾസ് ആദ്യമായി ജയിലിലായത്. അറസ്റ്റിലായ തൊട്ടുപിന്നാലെ ജയിൽ ചാടി. ഒരുമാസത്തിനു ശേഷം വീണ്ടും പിടിയിലായി. പിന്നീട് 1997 വരെ തിഹാർ ജയിലിൽ തന്നെ കഴിഞ്ഞു. 2003 -ൽ നേപ്പാളിൽ വച്ച് വീണ്ടും അറസ്റ്റിലായി. 1975 -ൽ നടത്തിയ ഇരട്ട കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ചു. കോടതി ഉത്തരവ് പ്രകാരം ചാൾസ് ശോഭരാജിനെ നേപ്പാളിൽ നിന്ന് നാടുകടത്തും.