ഈ വര്‍ഷത്തെ രണ്ടാം ഘട്ട സോവറിന്‍ ഗോള്‍ഡ് ബോണ്ട് വില്‍പ്പനയ്ക്ക് വിപണിയില്‍ ഉയര്‍ന്ന പ്രതികരണം. 6,914 കോടി രൂപ മൂല്യം വരുന്ന 11.67 ടണ്‍ സ്വര്‍ണമാണ് ഇത്തവണ വില്‍പ്പന നടന്നത്. എക്കാലത്തെയും ഉയര്‍ന്നതാണിത്. സ്വര്‍ണ വില ഉയരത്തിലായിട്ടും വില്‍പ്പന കുതിച്ചുയരുകയായിരുന്നു. ആഗോളതലത്തിലെ അനിശ്ചിതത്വങ്ങള്‍, ഉയര്‍ന്ന ചില്ലറവിലക്കയറ്റം, ക്രൂഡ് ഓയില്‍ വില വര്‍ധന എന്നിവയൊക്കെയാണ് ഡിമാന്‍ഡ് ഉയരാന്‍ കാരണമായി വിദഗ്ധര്‍ പറയുന്നത്. റിട്ടെയ്ല്‍ നിക്ഷേപകരും ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകരും കൂടുതല്‍ താല്‍പര്യം കാണിച്ചു. 2015ല്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ അവതരിപ്പിച്ചതിനു ശേഷം ആദ്യമായാണ് 10 ശതമാനത്തിലധികം ഡിമാന്‍ഡ് വര്‍ധിക്കുന്നത്. ഇതോടെ റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിനു വേണ്ടി കൈകാര്യം ചെയ്യുന്ന സോവറിന്‍ ബോണ്ട് വഴിയുള്ള സ്വര്‍ണത്തിന്റെ അളവ് 120.6 ടണ്‍ ആയി ഉയര്‍ന്നു. 56,342 കോടി രൂപയാണ് മൊത്തം ബോണ്ടുകളുടെ മൂല്യം. അതേ സമയം, ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് ഗോള്‍ഡ് ഇ.ടി.എഫുകള്‍ കൈകാര്യം ചെയ്യുന്നത് 24,318 കോടി രൂപയുടെ ആസ്തിയാണ്. ആര്‍.ബി.ഐയുടെ ഏറ്റവും പുതിയ ഗോള്‍ഡ് ബോണ്ടിന്റെ വില ഗ്രാമിന് 5,923 രൂപയായിരുന്നു. വാങ്ങുന്നവരേക്കാള്‍ കൂടുതല്‍ ആളുകള്‍ വില്‍പ്പനക്കാരായുണ്ടായാല്‍ വിപണി വില ഇതില്‍ കുറവായിരിക്കും. ബുള്ള്യന്‍ ആന്‍ഡ് ജുവലേഴ്സ് അസോസിയേഷന്റെ മൂന്ന് വ്യാപാര ദിനങ്ങളിലെ 24 കാരറ്റ് സ്വര്‍ണത്തിന്റെ വിലയുടെ ശരാശരിയെടുത്താണ് ഗോള്‍ഡ് ബോണ്ടിന്റെ മൂല്യം നിശ്ചയിക്കുന്നത്.