കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കടല്‍പ്പായലില്‍ നിന്ന് പ്രകൃതിദത്ത ഉത്പ്പന്നം. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആര്‍ഐ) കടല്‍മീന്‍ ഇമ്യുണോആല്‍ഗിന്‍ എക്സ്ട്രാക്റ്റ് എന്ന ഉത്പ്പന്നം നിര്‍മിച്ചത്. കടല്‍പ്പായലുകളില്‍ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോആക്ടീവ് സംയുക്തങ്ങള്‍ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. സാര്‍സ് കോവ്-2 ഡെല്‍റ്റ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ആന്റി വൈറല്‍ ഗുണങ്ങളും ഈ ന്യൂട്രാസ്യൂട്ടിക്കല്‍ ഉത്പ്പന്നത്തിനുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ സിഎംഎഫ്ആര്‍ഐയിലെ മറൈന്‍ ബയോടെക്നോളജി ഫിഷ് ന്യൂട്രീഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഡിവിഷന്‍ മേധാവി ഡോ. കാജല്‍ ചക്രവര്‍ത്തി പറഞ്ഞു. സാര്‍സ് കോവ്-2 ഡെല്‍റ്റ വകഭേദങ്ങള്‍ ബാധിച്ച കോശങ്ങളില്‍ വൈറസ് ബാധയുടെ വ്യാപ്തി കുറയ്ക്കാനും അമിത അളവിലുള്ള സൈറ്റോകൈന്‍ ഉത്പാദനം നിയന്ത്രിച്ച് പ്രതിരോധസംവിധാനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണമായും പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ചുള്ള ഉത്പ്പന്നത്തിന് പാര്‍ശ്വഫലങ്ങളില്ലെന്നും ഗവേഷകര്‍ പറഞ്ഞു.