പാത്രങ്ങള്‍ കഴുകിയ ശേഷം അലക്ഷ്യമായി സൂക്ഷിക്കുന്ന സ്‌ക്രബറുകള്‍ മാരകമായ നിരവധി ബാക്ടീരിയകളുടെ പ്രധാന വാസസ്ഥലങ്ങളാണ്. ഇവ അടുത്ത പാത്രം കഴുകുന്നതോടെ പാത്രങ്ങളില്‍ പടരുകയും ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലേക്ക് കടക്കുകയും ചെയ്യുന്നു. നേച്ചര്‍ കെമിക്കല്‍ ബയോളജിയില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന സ്പോഞ്ച് സ്‌ക്രബറുകളില്‍ കഴിയുന്ന അണുക്കളുടെ ഭയാനകമായ നിരക്ക് എടുത്തുകാട്ടിയിരുന്നു. ഇത് ടോയ്ലറ്റ് ബൗളുകളേക്കാള്‍ വലുതും അപകടങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. ഒരു ക്യുബിക് സെന്റിമീറ്ററില്‍ ഏതാണ് 54 ദശലക്ഷം ബാക്ടീരികള്‍ വസിക്കുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്. കൂടാതെ, ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ ബയോമെഡിക്കല്‍ എഞ്ചിനീയര്‍മാര്‍ നടത്തിയ മറ്റൊരു ഗവേഷണത്തില്‍ ഇത്തരം സ്‌പോഞ്ച് സ്‌ക്രബറുകളുടെ ഘടന സൂക്ഷ്മജീവികളുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് വിശദീകരിക്കുന്നു. മെനിഞ്ചൈറ്റിസ്, ന്യുമോണിയ, പനി, വയറിളക്കം തുടങ്ങിയ രോഗാവസ്ഥയിലേക്ക് നയിക്കാം. ഇ.കോളി, ക്ലെബ്‌സിയെല്ല, മൊറാക്‌സെല്ല, സാല്‍മൊണല്ല, സ്റ്റാഫൈലോകോക്കസ് എന്നീ മാരകമായ ബാക്ടീരിയകളുടെയും വാസസ്ഥലമാണ് സ്‌ക്രബറുകള്‍.