ടൂത്ത് പേസ്റ്റ് പോലെ ഏത് ആകൃതിയിലേക്കും മാറ്റിയെടുക്കാന്‍ കഴിയുന്ന ബാറ്ററി വികസിപ്പിച്ചെടുത്ത് സ്വീഡനിലെ ശാസ്ത്രജ്ഞര്‍. അടുത്ത തലമുറയിലെ ഗാഡ്‌ജെറ്റുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, റോബോട്ടുകള്‍ എന്നിവയില്‍ പുതിയ കണ്ടുപിടുത്തം മാറ്റങ്ങള്‍ കൊണ്ടുവന്നേക്കും. കാഠിന്യമില്ലാത്ത തരത്തിലുള്ള ബാറ്ററി വികസിപ്പിക്കാന്‍ സാധിച്ചിരിക്കുന്നുവെന്ന് സയന്‍സ് ജേര്‍ണലില്‍ ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച പഠനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളായ ഐമാന്‍ റഹ്മാനുദീന്‍ പറഞ്ഞു. ടൂത്ത് പേസ്റ്റ് പോലെ തോന്നിക്കുമിത്. ഒരു ത്രീ ഡി പ്രിന്റര്‍ ഉപയോഗിച്ച് ഇഷ്ടമുള്ള രൂപത്തിലേക്ക് അതിനെ മാറ്റാം. ഗവേഷകര്‍ വികസിപ്പിച്ച ബാറ്ററിയുടെ പ്രോട്ടോടൈപ്പ് 500 തവണയിലേറെ ചാര്‍ജ് ചെയ്തും ഡിസ്ചാര്‍ജ് ചെയ്തും പരീക്ഷണം നടത്തിയിരുന്നു. നിലവിലുള്ളതിന്റെ ഇരട്ടിയോളം വലിച്ചുനീട്ടാം. അപ്പോഴും അത് പ്രവര്‍ത്തിക്കും. നിലവിലെ അവസ്ഥയില്‍ ഈ ബാറ്ററി വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയില്ല. ഒരു വോള്‍ട്ട് മാത്രമേ സംഭരിക്കാന്‍ കഴിയൂ എന്നതാണ് ഇതിനുകാരണം. സാധാരണ കാര്‍ ബാറ്ററിയില്‍ സംഭരിക്കാന്‍ കഴിയുന്നതിന്റെ എട്ട് ശതമാനം മാത്രം. എന്നാല്‍ ഇതിന്റെ ശേഷി പിന്നീട് ഉയര്‍ത്താന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.