ജീവനക്കാരെ കുറച്ചും
ശാഖകൾ പൂട്ടിയും ചെറുകിട ബിസിനസുകൾ ഇല്ലതാക്കിക്കൊണ്ടും രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ
എസ്‌ബിഐയുടെ സ്വകാര്യവൽക്കരണ നടപടികൾ ഊർജിതമാക്കി.
സ്ഥിരം ജീവനക്കാരെ മാർക്കറ്റിങ് ജീവനക്കാരായി മാറ്റിക്കൊണ്ട് സെയിൽസ് ഫോഴ്‌സ് രൂപീകരണം ത്വരിതപ്പെടുത്തി. അങ്ങനെ സ്വകാര്യവൽക്കരണത്തിനുള്ള മുഖ്യകടമ്പയായ കൂടുതൽ ശാഖകൾ അടച്ചുപൂട്ടലിനുള്ള നടപടികൾ തുടങ്ങി. മൾട്ടി പ്രോഡക്ട് സെയിൽസ് ഫോഴ്‌സ് രൂപീകരണമാണ് ഇതു കൊണ്ട് നടത്തുന്നത്. പരീക്ഷണമേഖലയായ കേരളത്തിൽ 1200 ജീവനക്കാരെ ഫോഴ്‌സിലേക്കു മാറ്റി.
അസോസിയറ്റ് ബാങ്കുകളുടെ ലയനത്തോടെ എസ്‌ബിഐയുടെ 11,205 ശാഖ പൂട്ടി. 90 ശതമാനവും ഗ്രാമീണമേഖലയിലാണ്. ഇടപാടുകാരെ ബാങ്കിന്റെ 22,219 ശാഖകളിലേക്കു മാറ്റി. ഇതോടെ ഭൂരിപക്ഷംപേരും ബാങ്കുമായുള്ള ബന്ധം ഉപേക്ഷിച്ചു. അനാദായകരായ ഇടപാടുകാർ ഒഴിഞ്ഞെന്നാണ് സ്വകാര്യവൽക്കരണത്തിന്റെ വക്താക്കൾ ഇതിനെ വിശേഷിപ്പിച്ചത്. ബാങ്ക് ലയനത്തിനുമുമ്പ് 15,000ൽപ്പരം ജീവനക്കാരെ സ്വയംവിരമിക്കൽവഴി ഒഴിവാക്കി. ലയനശേഷം 30,000 ക്ലറിക്കൽ തസ്‌തികയിൽ നിയമനമില്ലാതാക്കി. കുറവുവരുന്ന ജീവനക്കാരുടെ ജോലികൾക്ക് പുറംകരാറുമാക്കി. ഇതിനായി സ്‌റ്റേറ്റ് ബാങ്ക് ഓപ്പറേഷൻസ് സപ്പോർട്ട് സർവീസസ് (എസ്‌ബിഒഎസ്‌എസ്) എന്ന സ്വകാര്യസ്ഥാപനം രൂപീകരിച്ചു.
ബാങ്കിന്റെ 56.92 ശതമാനം ഓഹരി മാത്രമാണ് കേന്ദ്ര സർക്കാരിൽ അവശേഷിക്കുന്നത്. പ്രവർത്തനങ്ങൾ 22 സബ്‌സിഡിയറി കമ്പനികളിലേക്കു മാറ്റി. എസ്‌ബിഐക്ക് ഹോൾഡിങ് കമ്പനി പദവി മാത്രമായി. ഈ സബ്‌സിഡിയറികളുടെ ഓഹരി വാങ്ങിക്കൂട്ടുന്നത് വൻകിട കോർപറേറ്റുകളാണ്. റിലയൻസുമായി ചേർന്ന് ആരംഭിച്ച ജിയോ പേയ്‌മെന്റ് ബാങ്കിൽ എസ്‌ബിഐ ഓഹരി 30 ശതമാനമാണ്.
ചെറുകിട വായ്‌പയ്‌ക്ക് പുറംകരാർ ഏർപ്പെടുത്തി.
ചെറുകിട കാർഷികവായ്‌പ വിതരണവും ബാങ്ക് കൈവിട്ടു. അദാനി ക്യാപിറ്റൽ കമ്പനിയുമായി തുടങ്ങിവച്ച കരാർ മാതൃകയിൽ നിരവധി സ്വകാര്യ കമ്പനികളുമായി കരാറുണ്ടാക്കി. കോ ലെൻഡിങ് സംവിധാനത്തിനും തുടക്കമിട്ടു. ഭവനവായ്‌പ വിതരണവും സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചു. അങ്ങനെ
ബാങ്ക് സ്വകാര്യവൽക്കരണത്തിന് ആക്കംകൂട്ടുന്ന നടപടികൾ അതിവേഗം നടന്നുകൊണ്ടിരിക്കുന്നു.