ഭക്ഷണത്തില്‍ പലതവണയായി വിഷാംശമുള്ള രാസവസ്തു ചേര്‍ത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. മുന്‍ ഡ്രൈവര്‍ വിനുകുമാറിനെതിരേയാണു പരാതി നല്‍കിയത്. നാലു മാസത്തെ പ്രാഥമിക അന്വേഷണത്തിനുശേഷമാണ് കേസെടുത്തത്. കണ്ണിന്റെ കാഴ്ചശേഷി കുറഞ്ഞു, കാലിനു സ്വാധീനക്കുറവുണ്ടായിയെന്നാണു സരിത പറയുന്നത്.
പരാതിക്കാരിയെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ സരിത നല്‍കിയ പീഡനപരാതിയിലെ പ്രതികളുമായി വിനു കുമാര്‍ ഗൂഢാലോചന നടത്തിയതായി എഫ്‌ഐആറില്‍ പറയുന്നു. പരാതിക്കാരിക്ക് മരണം വരെ സംഭവിക്കാവുന്ന തരത്തില്‍ രാസപദാര്‍ഥങ്ങള്‍ നല്‍കി. ഐപിസി 307 (കൊലപാതകശ്രമം), 420 (വഞ്ചന), 120 ബി (ഗൂഢാലോചന), 34 (സംഘടിതമായ ഗൂഢാലോചന) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആശുപത്രിയിലെത്തി രോഗവിവരം അറിഞ്ഞപ്പോഴാണ് കാര്യങ്ങൾ മനസ്സിലായതെന്ന് സരിത പറഞ്ഞു.
രക്തത്തില്‍ അമിത അളവില്‍ ആഴ്‌സനിക്, മെര്‍കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. 2018 മുതല്‍ തന്നെ കൊള്ളാൻ ശ്രമിച്ചിരുന്നു എന്നാണ് സരിതയുടെ പരാതി.വിഷവസ്തുക്കൾ ഉള്ളിൽ പോയിട്ടുണ്ടെന്ന് നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നുവെങ്കിലും പിന്നില്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ പരാതി നല്‍കിയില്ലെന്നും സരിത വ്യക്തമാക്കി.