ഏത് ഭാഷാ ചിത്രങ്ങളേക്കാള്‍ പ്രതിസന്ധി നേരിടുന്നത് നിലവില്‍ ബോളിവുഡ് ആണ്. എന്നാലിപ്പോള്‍ താരതമ്യേന ഇടത്തരം ബജറ്റിലെത്തിയ ഒരു ചിത്രം നിര്‍മ്മാതാക്കള്‍ക്ക് മികച്ച വിജയം സമ്മാനിച്ചിരിക്കുകയാണ്. വിക്കി കൌശല്‍, സാറ അലി ഖാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലക്ഷ്മണ്‍ ഉടേക്കര്‍ സംവിധാനം ചെയ്ത ‘സര ഹട്‌കെ സര ബച്ച്‌കെ’യാണ് ആ ചിത്രം. റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം ജൂണ്‍ 2 നാണ് തിയറ്ററുകളില്‍ എത്തിയത്. ഒരു മാസം പിന്നിടുമ്പോള്‍ ചിത്രം നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം നേടിയത് 84.66 കോടി ആണെന്നാണ് കണക്ക്. മൂന്നാം വാരത്തേക്കാള്‍ കളക്ഷന്‍ നാലാം വാരത്തില്‍ നേടിയിരുന്നു ഈ ചിത്രം. മൂന്നാം വാരം 9.54 കോടിയും നാലാം വാരം 9.99 കോടിയും. ഇനാമുള്‍ഹഖ്, സുസ്മിത മുഖര്‍ജി, നീരജ് സൂദ്, രാകേഷ് ബേദി, ഷരീബ് ഹാഷ്മി, ആകാശ് ഖുറാന, കാനുപ്രിയ പണ്ഡിറ്റ്, അനുഭ ഫത്തേപുര, ഹിമാന്‍ഷു കോലി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിക്കി കൌശല്‍ നായകനായി എത്തുന്ന ഈ വര്‍ഷത്തെ ആദ്യ റിലീസ് ആണ് സര ഹട്‌കെ സര ബച്ച്‌കെ.