ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്ലെന്‍വാക്ക് സ്‌കോച്ച് വിസ്‌കി വിപണി വലുതാക്കാന്‍ ലക്ഷ്യമിട്ട് കൂടുതല്‍ ബ്രാന്‍ഡുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷമാണ് താരം മദ്യ വ്യവസായത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. ആദ്യ വര്‍ഷം തന്നെ 5 ലക്ഷം കുപ്പികള്‍ വില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. ഈ വര്‍ഷം വില്പന 18 ലക്ഷം കുപ്പികളിലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. പ്രീമിയം വിസ്‌കി നിര്‍മാതാക്കളായ കാര്‍ട്ടല്‍ ബ്രോസുമായി ചേര്‍ന്നാണ് സഞ്ജയ് ദത്ത് പുതിയ വ്യവസായത്തിലേക്ക് ചുവടുറപ്പിച്ചത്. 1,500-1,600 നിരക്കില്‍ ഇടത്തരക്കാരെ ലക്ഷ്യം വച്ചുള്ള വില്പന തന്ത്രമാണ് ഗ്ലെന്‍വാക്കിന്റെ വിജയരഹസ്യമെന്ന് താരം പറയുന്നു. വില കുറവുള്ള എന്നാല്‍ പ്രീമിയം ബ്രാന്‍ഡിലുള്ള വിസ്‌കിയെന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കാന്‍ കമ്പനിക്ക് സാധിച്ചു. പുതിയ വിപണികളിലേക്ക് എത്തുന്നതിന്റെ ഭാഗമായി അടുത്തിടെ ദുബൈയില്‍ കമ്പനി സാന്നിധ്യം അറിയിച്ചിരുന്നു. പഞ്ചാബ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, തെലങ്കാന, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ് ഗ്ലെന്‍വാക്ക്. ചുരുങ്ങിയ സമയത്തിനുള്ളില്‍ 50ഓളം രാജ്യങ്ങളിലും വിസ്‌കി വില്ക്കാന്‍ പദ്ധതിയുണ്ടെന്ന് താരം വ്യക്തമാക്കി. കമ്പനി ആരംഭിച്ച് വെറും നാല് മാസത്തിനുള്ളില്‍ 1,20,000 കുപ്പികള്‍ വിറ്റഴിക്കാന്‍ ഗ്ലെന്‍വാക്കിന് സാധിച്ചിരുന്നു. പുറത്തിറക്കി ആദ്യ മൂന്ന് മാസത്തിനുള്ളില്‍ തന്നെ മഹാരാഷ്ട്രയില്‍ മാത്രം 18 ശതമാനം വിപണി വിഹിതം നേടി മറ്റ് കമ്പനികളെ ഞെട്ടിച്ചു. സ്‌കോട്ടിഷ് വിസ്‌കിയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ.