ഇറക്കുമതി തീരുവ വെട്ടിച്ചതിന് സാംസങ്ങിനോട് 601 മില്യണ്‍ ഡോളര്‍ (ഏകദേശം 5,156 കോടി രൂപ) അടയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലെ ഇലക്ട്രോണിക്‌സ്, സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ വലിയ കമ്പനികളില്‍ ഒന്നായ സാംസങ് ടെലികോം ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തതില്‍ നികുതി വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. മൊബൈല്‍ ടവറുകളില്‍ ഉപയോഗിക്കുന്ന ഒരു നിര്‍ണായക ട്രാന്‍സ്മിഷന്‍ ഘടകത്തിന് 20 ശതമാനത്തോളം താരിഫ് ഒഴിവാക്കുന്നതിനായി ഇറക്കുമതി തെറ്റായി മറ്റൊരു വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായാണ് കസ്റ്റംസ് കണ്ടെത്തിയത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്കാണ് സാംസങ് ഇവ ഇറക്കുമതി ചെയ്ത് വിറ്റത്. വെട്ടിച്ച നികുതിയും 100 ശതമാനം പിഴയും ഉള്‍പ്പെടെയാണ് ഇത്രയും തുക അടയ്‌ക്കേണ്ടത്. നികുതി ട്രിബ്യൂണലിനെയോ കോടതികളെയോ സമീപിക്കാന്‍ സാംസങ്ങിന് അവസരമുണ്ട്. സാംസങ്ങിന്റെ ഏഴ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ 81 മില്യണ്‍ ഡോളര്‍ പിഴ കസ്റ്റംസ് ചുമത്തിയിട്ടുണ്ട്. നിയമപരമായി ഇതിനെ നേരിടാനുളള സാധ്യതകള്‍ വിലയിരുത്തുകയാണെന്ന് സാംസങ് കമ്പനി അറിയിച്ചു.