2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഇറക്കുമതി പങ്കാളിത്തത്തില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന് റഷ്യ. 16 രാജ്യങ്ങളെ പിന്തള്ളിയാണ് റഷ്യ ഈ സ്ഥാനത്തേക്ക് എത്തിയത്. പ്രധാനമായും ക്രൂഡ്, പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിയാണ് ഇതിനു സഹായകമായത്. ഇന്ത്യയുടെ ഇറക്കുമതി വിപണിയില്‍ റഷ്യയുടെ പങ്ക് 1.6 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. അതേസമയം ചെനയുടെ ഇന്ത്യയുമായുള്ള ഇറക്കുമതി പങ്കാളിത്തം 15.43 ശതമാനത്തില്‍ നിന്ന് 13.79 ശതമാനമായി ചുരുങ്ങിയെങ്കിലും ഒന്നാം സ്ഥാനം നിര്‍ത്തി. ചൈനയില്‍ നിന്നുള്ള ഇറക്കുമതി 4.16 ശതമാനം വളര്‍ന്ന് 98.51 ബില്യണ്‍ ഡോളറായി(8.04 ലക്ഷം കോടി രൂപ). റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 2022 സാമ്പത്തിക വര്‍ഷത്തെ 9.87 ബില്യണ്‍ (80,632 കോടി രൂപ) നിന്നും 46.33 ബില്യണ്‍ ഡോളറായി(3.78 ലക്ഷം കോടി രൂപ), അഞ്ച് മടങ്ങിനടുത്താണ് വളര്‍ച്ച. മുന്‍ വര്‍ഷങ്ങളില്‍ സൂര്യകാന്തി എണ്ണയും കല്‍ക്കരിയുമാണ് റഷ്യയില്‍ നിന്നും ഇന്ത്യ കൂടുതലായി വാങ്ങിയിരുന്നത്. എന്നാല്‍ 2023 ല്‍ ഇത് പെട്രോളിയവും വളവും ആയി മാറി. റഷ്യ-യുക്രൈന്‍ സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഒരു ശതമാനത്തില്‍ താഴെയായിരുന്നു റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയ്ല്‍ ഇറക്കുമതി. മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ആകെ ഇന്ധന ഇറക്കുമതിയുടെ 34 ശതമാനം റഷ്യയില്‍ നിന്നാണ്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കൂടിയതോടെ സൗദിയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതിയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്.